Advertisement

രോഗികളുടെ എണ്ണം എട്ടുമടങ്ങായി വര്‍ധിച്ചാലും ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്: മുഖ്യമന്ത്രി

August 27, 2020
Google News 1 minute Read

കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിലും എട്ട് മടങ്ങായി വര്‍ധിച്ചാലും ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് പ്രധാന വശങ്ങളാണ് ഈ പോരാട്ടത്തില്‍ നാം പരിഗണിക്കുന്നത്. ഒന്ന് ആരോഗ്യ സംവിധാനങ്ങളുടെ ശാക്തീകരണം. രണ്ടാമത്തേത് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ കൂടുതല്‍ ഫലപ്രദമാക്കല്‍. ഇതുവഴി രോഗ വ്യാപനത്തിന്റെ തോത് ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ചു. അതുകൊണ്ട് സംസ്ഥാനത്തിനുണ്ടായ ഗുണങ്ങള്‍ അനവധിയാണ്. ആരോഗ്യമേഖലയെ ശക്തിപ്പെടുത്താന്‍ അവസരം ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, ആവശ്യത്തിന് ലാബുകള്‍, കൊവിഡ് കെയര്‍ ഹോസ്പിറ്റലുകള്‍, പരിശോധനാ സൗകര്യങ്ങള്‍, കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് ബ്രിഗേഡ് ഇങ്ങനെ രോഗാവസ്ഥ അതിന്റെ പരമാവധിയില്‍ എത്തുമ്പോള്‍ തടയാന്‍ ആവശ്യമായ സൗകര്യങ്ങള്‍ കൃത്യമായ തോതില്‍ സജ്ജമാക്കാന്‍ സാധിച്ചു.

Read Also : സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമായി മാറി നമ്മുടേത്. 75,995 കേസുകളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 47828 കേസുകളുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മുടെ രാജ്യത്തെ സ്ഥിതി എത്ര ഗുരുതരമാണെന്ന് മനസിലാവുക. മരണം ഒരു ദിവസം ആയിരത്തില്‍ കൂടുതല്‍ ഉണ്ടാകുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 1017 മരണമാണ്.

ദക്ഷിണേന്ത്യയിലും രോഗവ്യാപനം കൂടുതല്‍ രൂക്ഷമാവുകയാണ്. കര്‍ണാടകയില്‍ കേസുകള്‍ മൂന്ന് ലക്ഷം കവിഞ്ഞു. 5107 പേരാണ് അവിടെ മരിച്ചത്. തമിഴ്‌നാട്ടില്‍ കേസുകള്‍ ഏകദേശം നാലുലക്ഷമായി. ഏകദേശം 7000 പേര്‍ മരണപ്പെടുകയും ചെയ്തു.

Read Also : കൊവിഡ്; അതി നിര്‍ണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി

കര്‍ണാടകത്തില്‍ 10 ലക്ഷത്തില്‍ 82 പേരും തമിഴ്‌നാട്ടില്‍ 10 ലക്ഷത്തില്‍ 93 പേരുമാണ് കൊവിഡ് മൂലം മരിച്ചത്. കേരളത്തില്‍ 10 ലക്ഷത്തില്‍ എട്ടുപേര്‍ എന്ന നിലയില്‍ മരണസംഖ്യ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. തമിഴ്‌നാട്ടിലെയോ കര്‍ണാടകയിലെയോ അതേ രീതിയിലായിരുന്നു ഇവിടെയും കാര്യങ്ങളെങ്കില്‍ ആയിരക്കണക്കിന് മരണങ്ങള്‍ ഇവിടെയും സംഭവിച്ചേനെ.

തൊട്ടടുത്താണ് ഈ സംസ്ഥാനങ്ങളെങ്കിലും അവയേക്കാള്‍ കൂടുതല്‍ ജനസാന്ദ്രത, വയോജനങ്ങളുടെ ജനസംഖ്യാനുപാതം, പ്രമേഹം, ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകളുടെ വര്‍ധന ഇതെല്ലാം ഉണ്ടായിട്ടും രോഗവ്യാപനവും മരണനിരക്കും വലിയൊരളവില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് സംസ്ഥാനത്തെ ജനങ്ങളുടെ സഹകരണത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid treatment facilities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here