Advertisement

ആ അച്ഛന് നഷ്ടമായത് ഉറ്റ സുഹൃത്തിനെ; രണ്ട് വർഷത്തിനിപ്പുറവും ചുരുളഴിയാതെ ആൻലിയയുടെ ദുരൂഹമരണം

August 27, 2020
Google News 2 minutes Read
mystery shrouds anliya death

‘എനിക്ക് നഷ്ടമായത് എന്റെ മകളെ മാത്രമല്ല, ഉറ്റ സുഹൃത്തിനെ കൂടിയാണ്…അതെ എന്റെ സുഹൃത്തിനെ, എന്റെ മകളെ ഞാൻ കരുതിയത് അങ്ങനെയായിരുന്നു’- ആൻലിയയുടെ മരണത്തിന് ശേഷം അച്ഛൻ ഹൈജിനസ് പാറക്കൽ പറഞ്ഞതിങ്ങനെ. ജിദ്ദയിലെ നീണ്ട നാളത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ മടങ്ങിയെത്തിയിരുന്നു ഹൈജിനസ് മകൾക്ക് നീതി നേടിക്കൊടുക്കാനുള്ള പോരാട്ടത്തിലാണ്. ഈ ഓഗസ്റ്റ് 28ന് ആൻലിയ മരിച്ചിട്ട് രണ്ട് വർഷമാകുന്നു….

mystery shrouds anliya death

ആൻലിയയുടെ വിവാഹത്തിന് ആ അച്ഛനും മകളും ചേർന്ന് ആലപിച്ച വീഡിയോ കണ്ട് കണ്ണ് നിറയാത്തവരായി ആരും തന്നെയില്ല. അച്ഛന് ഇഷ്ടപ്പെട്ട വ്യക്തിയെ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് ശഠിച്ച ആൻലിയയ്ക്കായി അച്ഛൻ ഹൈജിനസ് തെരഞ്ഞെടുത്തത് തൃശൂർ സ്വദേശിയായ ജസ്റ്റിൻ മാത്യുവിനെയാണ്. ഈ തീരുമാനം തെറ്റായിപ്പോയി എന്ന് ഏറെ വൈകിയാണ് അച്ഛൻ ഹൈജിനസ് തിരിച്ചറിഞ്ഞത്. ഇന്നും അദ്ദേഹത്തിന്റെ ഉറക്കം നഷ്ടപ്പെടുന്നു ആ തീരുമാനത്തെ കുറിച്ച് ആലോചിക്കുമ്പോൾ…

വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹം….

mystery shrouds anliya death

ആൻലിയയുടെ ജീവിതത്തെ മാറ്റിമറിച്ച ആ വിവാഹാലോചന വരുമ്പോൾ ആ പെൺകുട്ടി ജിദ്ദ നാഷ്ണൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു. 2015 ലായിരുന്നു അത്. മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ജസ്റ്റിനെ കണ്ടെത്തുന്നത്. ദുബായിൽ ജോലി നോക്കുകയായിരുന്നു ജസ്റ്റിൻ.

Read Also : വിവാഹദിനത്തില്‍ ആന്‍ലിയ തന്നോടൊപ്പം പാടുന്ന വീഡിയോ പങ്കുവച്ച് പിതാവ്

mystery shrouds anliya death

ഡിസംബർ 26, 2016 നാണ് ആൻലിയയും ജസ്റ്റിനും വിവാഹിതരാകുന്നത്. വിവാഹം നടക്കുമ്പോൾ 23 വയസായിരുന്നു ആൻലിയയ്ക്ക്. സൗദിയിൽ നിന്ന് ജോലി രാജിവച്ച് ആൻലിയ ഭർത്താവിനൊപ്പം ദുബായിലേക്ക് പോയി. 2017ൽ ദുബായി ജീവിതം മതിയാക്കി ഇരുവരും തൃശൂരിൽ തിരിച്ചെത്തി. ജനുവരി 2, 2018 ൽ ഇരുവർക്കും കുഞ്ഞ് പിറന്നു.

ആൻലിയയെ കാണാതാകുന്നു….

2018 ഓഗസ്റ്റ് 25നാണ് ആൻലിയയെ കാണാതാകുന്നത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 28ന് ആൻലിയയുടെ അഴുകിയ ശരീരം ആലുവയിൽ പെരിയാറിൽ നിന്ന് കണ്ടെത്തി. മകളുടെ മരണവാർത്തയറിഞ്ഞ് വിദേശത്ത് നിന്ന് ആൻലിയയുടെ മാതാപിതാക്കൾ എത്തിയപ്പോഴേക്കും പോസ്റ്റുമോർട്ടമടക്കം പൂർത്തിയായിരുന്നു. തുടർന്ന് സംസ്‌കാര ചടങ്ങുകളിൽ നിന്ന് ആൻലിയയുടെ ഭർത്താവ് ജസ്റ്റിൻ എട്ട് മാസം പ്രായമായ മകനെയും കൂട്ടി മാറിനിന്നു.

അസ്വാഭാവിക മരണത്തിന് കേസ്….

ആൻലിയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതോടെ കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

ആൻലിയയുടെ ഡയറി…

ആൻലിയയുടെ മരണത്തിന് പിന്നാലെ ഒരിക്കൽ വീട്ടിലെ പൂച്ചട്ടിയിൽ നിന്ന് ഇവർക്കൊരു താക്കോൽ ലഭിച്ചു. ആൻലിയയുടെ അലമാരയുടെ താക്കോലായിരുന്നു അത്. ആ താക്കോൽ ഉപയോഗിച്ച് അവർ ആൻലിയയുടെ അലമാര തുറന്നു. അതിൽ സൂക്ഷിച്ചിരുന്ന ഡയറി തുറന്ന് വായിച്ചു.

mystery shrouds anliya death
mystery shrouds anliya death

വിവാഹ നിശ്ചയം തൊട്ടുള്ള സംഭവങ്ങൾ ആൻലിയ ആ ഡയറിക്കുള്ളിൽ കുറിച്ചിട്ടിരുന്നു. ഭർത്താവിൽ നിന്നും ഭർതൃഗ്രഹത്തിൽ നിന്നും താൻ അനുഭവിച്ച യാദനകളെ കുറിച്ചും പീഡനങ്ങളെ കുറിച്ചും ഡയറിയിൽ കുറിച്ചിരുന്നു. തനിക്ക് എന്ത് സംഭവിച്ചാലും തന്റെ ഭർത്താവും കുടുംബവുമാണ് ഇതിന് ഉത്തരവാദികളെന്ന് ആൻലിയ ഡയറിയിൽ കുറിച്ചിരുന്നു.

ആൻലിയയുടെ ഡയറിയിലെ ഒരു പേജിൽ എഴുതിയിരിക്കുന്നതിങ്ങനെ :’ ഞാൻ വിചാരിച്ചു കേരളത്തിൽ വന്നാൽ എല്ലാം ശരിയാകും എന്ന്. വിവാഹത്തിന് മുമ്പും ശേഷവും എനിക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. ജസ്റ്റിൻ എന്നെ മനസിലാക്കുമെന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ ആ പ്രതീക്ഷയും ആസ്ഥാനത്തായിരുന്നു. ഒരു നൂറ് രൂപ പോലും ജസ്റ്റിൻ എനിക്ക് തന്നിരുന്നില്ല. പപ്പയും മമ്മയും തന്ന പണത്തിലാണ് ഞാനിപ്പോൾ ജീവിക്കുന്നത്. തികച്ചും വ്യത്യസ്തമായാണ് ജസ്റ്റിൻ പെരുമാറുന്നത്. വിവാഹത്തിന് മുമ്പ് സംസാരിക്കുമ്പോൾ ജസ്റ്റിനേക്കാൾ നല്ല വ്യക്തിയില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഇന്ന് ജീവിതത്തിൽ സങ്കടം മാത്രമേയുള്ളു. എനിക്ക് ജീവിതം തന്നെ മടുത്തു. എന്റെ സങ്കടങ്ങൾ പങ്കുവയ്ക്കാൻ പോലും എനിക്കാരുമില്ല. എപ്പോഴും ഒറ്റയ്ക്കാണ്….എനിക്ക് കുറേ എഴുതാനുണ്ട്…പക്ഷേ സാധിക്കുന്നില്ല. എന്റെ മകനെ ഓർത്താണ് ഞാൻ ജീവിക്കുന്നത്. ഒരു സ്‌നേഹമുള്ള ഭർത്താവോ കുടുംബമോ എനിക്കില്ല. വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ മാന്യതയുടെ മുഖപടം അവർ അഴിച്ചുവച്ചു. പ്രണയത്തിന്റെ ഒരു കണിക പോലും എനിക്ക് ലഭിച്ചില്ല. എന്റെ ഭർതൃമാതാവ് ഒരു സാഡിസ്റ്റാണ്. അവരുടെ പെരുമാറ്റമോ സംസാരമോ ഒന്നും എനിക്ക് ഇഷ്ടപ്പെടുന്നില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ സത്യമെന്തെന്ന് ആരും അറിയില്ല. ആർക്കും എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയില്ല.

ആൻലിയയുടെ സ്വപ്‌നം…

കോളജിൽ നഴ്‌സിംഗ് ട്യൂട്ടറാകാനായിരുന്നു ആൻലിയയുടെ ആഗ്രഹം. എന്നാൽ സ്റ്റാഫ് നഴ്‌സ് ജോലിയിലേക്ക് തിരിയാൻ ഭർത്താവ് ആൻലിയയെ നിർബന്ധിച്ചു. ആരെയും എതിർക്കാതിരുന്ന ആൻലിയ ഇത്തവണയും വഴങ്ങി. അങ്ങനെയിരിക്കെ ആൻലിയയെ മാത്രം ദുബായിൽ നിന്ന് ജസ്റ്റിന്റെ വീട്ടിലേക്ക് അയക്കാൻ ഒരു ശ്രമം നടന്നു. ദുബായിലെത്തി തന്നെ പിന്തുണയ്ക്കാൻ ആൻലിയ തന്റെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. അപ്പോഴേക്കും ജസ്റ്റിന്റെ ദുബായിലെ ജോലി നഷ്ടപ്പെട്ടു. ഇതിന് പിന്നാലെ ആൻലിയയും ജസ്റ്റിനും ദുബായ് ജീവിതം മതിയാക്കി തൃശൂരിലേക്ക് വന്നു.

തുടർന്ന് ആൻലിയയ്ക്ക് പീഡനത്തിന്റെ നാളുകളായിരുന്നു. കുടുംബത്തിൽ തന്നെ ഒരാളുമായി ആൻലിയയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചും മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞും ഒരുപാട് പീഡിപ്പിച്ചു. ഒരിക്കൽ ആൻലിയയുടെ മുഖത്തെ പാട് കണ്ട് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ഹൈജിസും ആൻലിയയും ചേർന്ന് പരാതി നൽകിയിരുന്നു. ഒടുവിൽ കുടുംബക്കാരെല്ലാം ഇടപെട്ട് കേസിലേക്ക് എത്തിയില്ല അത്. ആൻലിയയെ മർദിക്കില്ലെന്ന് അന്ന് ജസ്റ്റിൻ വാക്ക് നൽകി.

അവസാന യാത്ര….

ഒടുവിൽ ആൻലിയ നഴ്‌സിംഗിൽ മാസ്റ്റേഴ്‌സ് പൂർത്തിയാക്കാൻ തീരുമാനിച്ചു. ഈ ഉറപ്പിലായിരുന്നു ഹൈജിനസ് ആൻലിയയെ ജസ്റ്റിന് വിവാഹം ചെയ്ത് നൽകിയത്. ഓഗസ്റ്റ് 4, 2018ന് ജസ്റ്റിൻ ആൻലിയയെ ബംഗളൂരുവിൽ കൊണ്ടുപോയി. അവിടെയായിരുന്നു ആൻലിയയുടെ പരീക്ഷ നടക്കുന്നത്. ആൻലിയ ബംഗളൂരുവിലായിരുന്ന സമയത്ത് ജസ്റ്റിൻ ആൻലിയയെ ഒരിക്കൽ പോലും അവളെ കുഞ്ഞുമായി സംസാരിക്കാൻ സമ്മതിച്ചിരുന്നില്ല.

ഓഗസ്റ്റ് 22ന് ആൻലിയ അച്ഛനോട് വിളിച്ച് കുഞ്ഞിനെ കാണണമെന്ന് പറഞ്ഞു. അച്ഛൻ ഹൈജിനസ് തൃശൂരിൽ പോയി കുഞ്ഞിനെ കാണാൻ പറഞ്ഞു. ഓഗസ്റ്റ് 27നാണ് ആൻലിയ തിരിച്ച് ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ ജസ്റ്റിന്റെ വീട്ടിലെ സ്ഥിതി ഗുരുതരമായിരുന്നതിനാൽ ഓഗസ്റ്റ് 25 ന് തന്നെ ആൻലിയ ബംഗളൂരുവിലേക്ക് പോകാൻ തയാറെടുത്തുവെന്ന് ഹൈജിനസ് പറയുന്നു. താൻ തൃശൂർ റെയിൽവേ സ്‌റ്റേഷനിലാണെന്നും വീട്ടിലെ സ്ഥിതി മോശമാണെന്നും പറഞ്ഞ് ആൻലിയ അവസാനമായി അച്ഛൻ ഹൈജിനസിനയച്ച വാട്ട്‌സാപ്പ് സന്ദേശങ്ങളുണ്ട്. ആ സമയത്ത് ആൻലിയയ്‌ക്കൊപ്പം ജസ്റ്റിനുമുണ്ടായിരുന്നു. 3.30നായിരുന്നു ഈ മെസ്സേജ്. തുടർന്ന് 5.30 ഓടെ ഹൈജിവനസിന് ജസ്റ്റിന്റെ അച്ഛനിൽ നിന്ന് ഫോൺ വന്നു. ആൻലിയയെ കാണാനില്ല എന്നായിരുന്നു ഉള്ളടക്കം. മൂന്ന് ദിവസങ്ങൾക്ക് ശേഷം ആൻലിയയുടെ അഴുകിയ മൃതദേഹം പെരിയാറിൽ നിന്ന് കാണാതായി.

mystery shrouds anliya death
mystery shrouds anliya death
mystery shrouds anliya death

സംസ്‌കാര ചടങ്ങുകൾ…

ആൻലിയയുടെ മൃതദേഹം തിരിച്ചറിയാൻ ജസ്റ്റിൻ കൂട്ടാക്കിയിരുന്നില്ല. അപ്പോഴേക്കും ജസ്റ്റിൻ കയിലെ വിവാഹ മോതിരമെല്ലാം നീക്കം ചെയ്തിരുന്നു. ജസ്റ്റിനും കുടുംബവും ആൻലിയയുടെ സംസ്‌കാര ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ആൻലിയയുടെ കുഞ്ഞിനെ പോലും സ്വന്തം അമ്മയുടെ മൃതദേഹം അവസാനമായി കാണാൻ അവസരമൊരുക്കിയില്ല.

ഫാദർ വിപിൻ…

ആൻലിയയുടെ മരണത്തിൽ എല്ലാ സംശയങ്ങളും ചെന്ന് പതിക്കുന്നത് ജസ്റ്റിനിലും ഫാദർ വിപിനിലുമാണ്. ഫാദർ വിപിനെ ഒരിക്കലും വീട്ടിൽ കയറ്റരുതെന്നും എല്ലാ പുരുഷന്മാരിലുമുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ആൻലിയ ഒരിക്കൽ അച്ഛനോട് പറഞ്ഞിട്ടുണ്ട്. എന്താണ് ആൻലിയ ഉദ്ദേശിച്ചതെന്നത് ഇന്നും അജ്ഞാതമാണ്.

താൻ അനുഭവിച്ച ഗാർഹിക പീഡനങ്ങളിലേക്ക് വഴി തെളിക്കുന്നതായിരുന്നു ആൻലിയ എന്ന 25 കാരി ബാക്കിവച്ച ഡയറിയും, ചിത്രരചനകളും അടക്കമുള്ള തെളിവുകൾ.

ജസ്റ്റിന്റെ കീഴടങ്ങൽ…

mystery shrouds anliya death

ജനുവരി 19ന് ജസ്റ്റിൻ തൃശൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി. കോടതിയിൽ കീഴടങ്ങിയ ആൻലിയയുടെ ഭർത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകൾ ഇല്ലെന്നാണ് ക്രൈബ്രാഞ്ചിന്റെ നിലപാട്. ജസ്റ്റിന്റെ ഫോൺ പരിശോധിച്ചപ്പോൾ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകൾ പൊലീസ് കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് ഗാർഹിക പീഡനങ്ങളും അതിൽ പൊലിഞ്ഞ പെൺജീവിതങ്ങളും തുടർക്കഥയാകുന്നു…

സംസ്ഥാനത്ത് ഗാർഹിക പീഡനങ്ങളും അതിൽ പൊലിഞ്ഞ പെൺജീവിതങ്ങളും തുടർക്കഥയാകുകയാണ്. എല്ലാം സഹിച്ച് ജീവിക്കുന്നതാണ് ‘ഉത്തമയായ’ സ്ത്രീ എന്ന് ചെറുപ്പംമുതൽ കേട്ട് വളരുന്ന പെൺകുട്ടികൾ വളർന്ന് വലുതാകുമ്പോഴും അനീതിയോട് പ്രതികരിക്കാൻ ശക്തിയില്ലാത്തവളാകുന്നു. കൊടിയപീഡനങ്ങൾ സഹിച്ച് മടുത്ത് സ്വന്തം വീട്ടിൽ പറഞ്ഞാലോ പൊലീസിൽ പറഞ്ഞാലോ ‘കുടുംബവഴക്ക്’ എന്ന് മാത്രമായി നിസാരവത്കരിച്ച് ഈ പരാതികളെ തള്ളിക്കളയുന്നു…ഒടുവിൽ ആ ജീവൻ പൊലിഞ്ഞാൽ മാത്രമേ ചുറ്റുമുള്ളവരുടെ കണ്ണ് തുറക്കുന്നുള്ളു….ആൻലിയ, കൊല്ലം അഞ്ചലിലെ ഉത്ര, തൃശൂരിലെ ശ്രുതി…ഇവരെല്ലാം അതിനുദാഹരണമാണ്…..ഇനിയും എത്ര ജീവിതങ്ങൾ എരിഞ്ഞു തീരണം സ്ത്രീകളുടെ ഈ അരക്ഷിതാവസ്ഥയൊന്ന് മാറണമെങ്കിൽ ?

Story Highlights mystery shrouds anliya death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here