ഓണം ആശംസിച്ച് മുഖ്യമന്ത്രി; കൊവിഡ് വ്യവസ്ഥകള്‍ പാലിച്ചു പരിമിതികള്‍ക്കുള്ളില്‍ ഓണം ആഘോഷിക്കണം

PINARAYI VIJAYAN

ഓണം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യവസ്ഥകള്‍ പാലിച്ചു പരിമിതികള്‍ക്കുള്ളില്‍ ഓണം ആഘോഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

അസാധാരണമായ ഒരു സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ അസാധാരണമാംവിധം ഈ അന്തരീക്ഷത്തെ മുറിച്ചുകടക്കാന്‍ നമുക്ക് കഴിയുമെന്ന പ്രത്യാശ പടര്‍ത്തിക്കൊണ്ടാകണം ഇത്തവണത്തെ ഓണാഘോഷം. ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിനും അപ്പുറത്ത് അനുകൂലമായ, പ്രകാശപൂര്‍ണമായ ഒരു കാലം ഉണ്ടെന്ന പ്രതീക്ഷ. ഓണം ഭാവിയെക്കൂടി പ്രസക്തമാക്കുന്ന ഒരു സങ്കല്‍പമാണ്. മാനുഷ്യരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം പണ്ടുണ്ടായിരുന്നു എന്ന് ആ സങ്കല്‍പം പറഞ്ഞുതരുന്നു. അതുകൊണ്ടുതന്നെ വറ്റാത്ത ഊര്‍ജത്തിന്റെ കേന്ദ്രമാണ് ആ സങ്കല്‍പം.

എല്ലാ മനുഷ്യരും ഒരുമയില്‍, സമത്വത്തില്‍, സ്‌നേഹത്തില്‍, സമൃദ്ധിയില്‍ കഴിയുന്നൊരു കാലം ഉണ്ടാകണമെന്ന് ആഗ്രഹിച്ച് അതിനായി യത്‌നിക്കുന്ന ആര്‍ക്കും അളവില്‍ കവിഞ്ഞ പ്രചോദനം പകര്‍ന്നു തരുന്നതാണ് ആ സങ്കല്‍പം. ഓണം ഉണ്ണുന്നതും ഓണത്തിന് ഒത്തുചേരുന്നതും മലയാളികളുടെ ജീവിതത്തില്‍ ഏറ്റവും ആഹ്‌ളാദകരമായ അനുഭവമാണ്. ഏത് പ്രയാസത്തിലും ഓണത്തിന് കുടുംബത്തിലേക്ക് ഓടിയെത്തുന്നതാണ് മലയാളിയുടെ ശീലം.

ഈ വര്‍ഷം യാത്രകള്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. നമുക്ക് ഓരോരുത്തര്‍ക്കും പ്രയാസമുണ്ടാക്കുന്ന അനുഭവമാണിത്. കൊവിഡ് സൃഷ്ടിച്ച പരിമിതികള്‍ക്കും പ്രയാസങ്ങള്‍ക്കും ഇടയില്‍ ഓണത്തിന് സാധ്യമായ സഹായങ്ങള്‍ എത്തിക്കാനും ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി സന്തോഷത്തോടെ എല്ലാ മനുഷ്യരും കഴിയുന്ന ഒരു നല്ല കാലത്തിന്റെ പിറവിക്കായി പ്രചോദനമാകട്ടെ ഓണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights CM Onam Wishes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top