വിടവാങ്ങിയത് ദേശീയ രാഷ്ട്രീയത്തിലെ അതികായന്‍

അഞ്ച് ദശകങ്ങള്‍ നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തിന് വിരമമിട്ട് ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി വിടവാങ്ങി. മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് പ്രണബ് മുഖര്‍ജിയെ രാജ്യസഭാ സീറ്റ് നല്‍കി ദേശീയ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ചരിത്രം, രാഷ്ട്രമീമാംസ, നിയമം എന്നീ വിഷയങ്ങളില്‍ ബിരുദങ്ങള്‍ കരസ്ഥമാക്കിയ പ്രണബ് മുഖര്‍ജി പോസ്റ്റല്‍ ആന്റ് ടെലഗ്രാഫ് വകുപ്പിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. 1963 ല്‍ വിദ്യാനഗര്‍ കോളജില്‍ അധ്യാപകനായി ജോലിക്കു ചേര്‍ന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് പത്രപ്രവര്‍ത്തകനായും ജോലി ചെയ്തു.
ബംഗാള്‍ കോണ്‍ഗ്രസിലൂടെയായിരുന്നു പ്രണബിന്റെ രാഷ്ട്രീയത്തിലേക്കുള്ള കാല്‍വയ്പ്പ്. 1969-ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ മിഡ്നാപുരില്‍ വി.കെ. കൃഷ്ണമേനോന്റെ ഇലക്ഷന്‍ ഏജന്റായി രാഷ്ട്രീയ പ്രവേശനം. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള കൃഷ്ണമേനോന്റെ വിജയം പ്രണബിനെ കോണ്‍ഗ്രസ് ക്യാമ്പിലെത്തിച്ചു. ഇന്ദിരാ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം 1969 ല്‍ രാജ്യസഭാംഗമായാണ് പാര്‍ലമെന്ററി രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായിരുന്നു പ്രണബ് മുഖര്‍ജി. ഈ വിശ്വാസം പ്രണബ് മുഖര്‍ജിയെ 1973ല്‍ കേന്ദ്ര വ്യവസായ സഹമന്ത്രിയാക്കി. അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ പിന്നില്‍ ഉറച്ചുനിന്ന അദ്ദേഹം 1982 മുതല്‍ 84 വരെയുള്ള കാലത്ത് കേന്ദ്രമന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. പതിനാലാം ലോകസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്നു പ്രണബ്.
ഇന്ദിരാ ഗാന്ധിക്കുശേഷം, രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടത്തില്‍ പ്രണബ് നേതൃത്വത്തില്‍ നിന്നും തഴയപ്പെട്ടു. രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ് എന്നൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ 1989 ല്‍ രാജീവ് ഗാന്ധിയുമായി ഒത്തു തീര്‍പ്പിലെത്തി. ഈ സംഘടന കോണ്‍ഗ്രസില്‍ ലയിച്ചു. പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പ്രണബിനെ ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷനായി നിയമിച്ചു. പിന്നീട് 1995 ല്‍ ധനകാര്യ മന്ത്രിയുമായി ചുമതലയേറ്റു. സോണിയ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തിയതിന്റെ പിന്നിലുള്ള മുഖ്യ സൂത്രധാരനും പ്രണബ് മുഖര്‍ജിയായിരുന്നു.
2004 ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ അധികാരത്തിലെത്തിയത് മുതല്‍ 2012 ല്‍ പ്രസിഡന്റ് പദവിക്കായി രാജിവെക്കുന്നതുവരെ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിലെ രണ്ടാമനായിരുന്നു പ്രണബ്. വിദേശ കാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ വിവിധങ്ങളായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നാമനിര്‍ദ്ദേശത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുകയും, എതിര്‍ സ്ഥാനാര്‍ത്ഥി പി.എ. സാങ്മയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പതിമൂന്നാമത് പ്രഥമപൗരനായി അധികാരമേറ്റെടുക്കുകയും ചെയ്തു.
Story Highlights – Former President Pranab Mukherjee passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here