സിഎസ്കെ ക്യാമ്പിലെ ഉയരുന്ന കൊവിഡ് ബാധ; റെയ്നക്ക് പിന്നാലെ ഹർഭജനും ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കും

Harbhajan Singh IPL

ചെന്നൈ സൂപ്പർ കിംഗ്സിൽ പ്രതിസന്ധി രൂക്ഷം. യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്നക്ക് പിന്നാലെ വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗും ഐപിഎല്ലിൽ നിന്ന് പിന്മാറാൻ സാധ്യത. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ താരത്തിന് ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഹർഭജൻ സിംഗ് ചെപ്പോക്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്തിരുന്നില്ല. ഇതുവരെ താരം യുഎഇയിൽ എത്തിയതുമില്ല.

ചൊവ്വാഴ്ചയാണ് താരം യുഎഇയിൽ എത്തേണ്ടത്. എന്നാൽ, ക്യാമ്പിലെ കൊവിഡ് കണക്കുകൾ താരത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ഒന്നുകിൽ അദ്ദേഹം വരാൻ താമസിക്കും. അല്ലെങ്കിൽ ഇക്കൊല്ലത്തെ ഐപിഎൽ ക്യാൻസൽ ചെയ്യുമെന്നാണ് ഹർഭജൻ സിംഗുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

Read Also : റെയ്നയും ധോണിയും തമ്മിൽ ഹോട്ടൽ മുറിയെച്ചൊല്ലി തർക്കമുണ്ടായെന്ന് റിപ്പോർട്ട്

കഴിഞ്ഞ ദിവസമാണ് റെയ്ന യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ബിസിസിഐ ഏർപ്പെടുത്തിയിരിക്കുന്ന കൊവിഡ് ബയോ ബബിളിലെ നിബന്ധനകൾ താരത്തിന് അസഹനീയമായിരുന്നു. അതുകൊണ്ട് തന്നെ എം എസ് ധോണിക്ക് നൽകിയതു പോലെ ഒരു ഹോട്ടൽ മുറി വേണമെന്നായിരുന്നു താരത്തിൻ്റെ ആവശ്യം. എന്നാൽ മാനേജ്മെൻ്റ് ഇത് നിരസിച്ചു. ഇതോടൊപ്പം ക്യാമ്പിൽ കൊവിഡ് പടർന്നതും റെയ്നയെ ഭയപ്പെടുത്തി. ഇനിയും യുഎഇയിൽ തുടരുകയെന്നത് അസാധ്യമാണെന്ന് അദ്ദേഹം കരുതി. ഇക്കാര്യം ക്യാപ്റ്റൻ എംഎസ് ധോണിയോടും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങിനോടും സംസാരിച്ചു. ഇരുവരും റെയ്നയെ യുഎഇയിൽ തന്നെ നിർത്താൻ ശ്രമിച്ചു എങ്കിലും തനിക്ക് പോയേ തീരൂ എന്ന് അദ്ദേഹം നിർബന്ധം പിടിക്കുകയായിരുന്നു. ഒപ്പം, അമ്മാവൻ കൊല്ലപ്പെട്ടതും റെയ്നയെ നാട്ടിലേക്ക് തിരികെ പോകാൻ പ്രേരിപ്പിച്ചു. മോഷണശ്രമത്തിനിടെയാണ് 58 കാരനായ അമ്മാവൻ അശോക് കുമാർ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിരുന്നു.

Story Highlights Harbhajan Singh Could Pull Out Of IPL Too

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top