ആത്മഹത്യ ചെയ്ത അനുവിന് ഒരു വര്‍ഷം മുന്‍പേ സര്‍ക്കാര്‍ ജോലി ലഭിക്കുമായിരുന്നു; രേഖകള്‍ പുറത്ത്

നിയമനങ്ങൾ കൃത്യസമയത്ത് നടത്താത്തതും സീനിയോറിറ്റി ലിസ്റ്റ് യഥാസമയം പ്രസിദ്ധീകരിക്കാത്തതുമാണ് ചെറുപ്പക്കാരന്റെ ജീവൻ നഷ്ടമാകാൻ കാരണമായതെന്ന് തെളിയിക്കുന്ന രേഖകൾ 24ന്. കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി 150ലധികം തസ്തികകളാണ് എക്‌സൈസ് വകുപ്പിൽ ഒഴിച്ചിട്ടിരിക്കുന്നത്. സ്ഥാനക്കയറ്റം നൽകി നികത്തേണ്ട ഒഴിവുകൾ യഥാസമയം നികത്തിയിരുന്നെങ്കിൽ മരണപ്പെട്ട അനുവിന് ഒരു വർഷം മുൻപേ നിയമനം കിട്ടുമായിരുന്നു എന്ന് രേഖകളിൽ വ്യക്തമാക്കുന്നു.
Read Also : അനുവിന്റെ മൃതദേഹവുമായി ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്
പിഎസ്‌സി റദ്ദാക്കിയ എക്‌സൈസ് റാങ്ക് പട്ടികയിൽ 76ാം റാങ്കുകാരനായിരുന്നു ഇന്നലെ ആത്മഹത്യ ചെയ്ത അനു. കഴിഞ്ഞമാസം 28 ന് പുറത്തിറങ്ങിയ എക്‌സൈസ് വകുപ്പിൻറെ ഉത്തരവിൽ വിവിധ ജില്ലകളിലായി അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർമാരുടെ 74 ഒഴിവുകളുണ്ടെന്ന് പറയുന്നു. ഈ മാസം പത്തിന് പുറത്തിറങ്ങിയ മറ്റൊരു ഉത്തരവിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരുടെ 94 ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുന്നു. അതായത് എക്‌സൈസ് വകുപ്പിൽ 150 ലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് ചുരുക്കം.
2008 ഡിസംബർ 31 ന് ശേഷം എക്‌സൈസ് വകുപ്പിൽ പ്രിവന്റീവ് ഓഫീസർമാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. പൂർണമായും സ്ഥാനക്കയറ്റം നൽകി നികത്തേണ്ട ഒഴിവുകളും ഇതുമൂലം തടസപ്പെട്ടിരിക്കുന്നു. കോടതികളിൽ കേസ് ഉള്ളതാണ് പ്രമോഷൻ നടപടികൾക്ക് തടസമെന്നതാണ് അധികൃതർ കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സമാനമായ രീതിയിൽ കേസുകൾ ഉണ്ടായിട്ടും മേലെ തട്ടിലുള്ള ഓഫീസർ തസ്തികകളിൽ കോടതിയുടെ തീർപ്പിന് വിധേയമെന്ന വ്യവസ്ഥയോടെ സ്ഥാനക്കയറ്റ നടപടികൾ പൂർത്തീകരിച്ചിട്ടുമുണ്ട്. ഒഴിവുകൾ യഥാക്രമം നികത്തുകയും പ്രമോഷൻ നടപടികൾ കൃത്യമായി പാലിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിൽ അനുവിന് ഒരു വർഷം മുൻപേ നിയമനം കിട്ടുമായിരുന്നുവെന്നാണ് ഈ രേഖകൾ കാണിക്കുന്നത്.
Story Highlights – psc, rank list suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here