കൊലപാതകങ്ങൾ അടക്കം 35 കേസുകളിലെ പ്രതി ബിജെപിയിൽ ചേരാനെത്തി; പൊലീസിനെ കണ്ടതോടെ മുങ്ങി

ആറ് കൊലപാതകങ്ങൾ 35 കേസുകളിലെ പ്രതി ബിജെപിയിൽ ചേരാനെത്തിയെങ്കിലും പൊലീസിനെ കണ്ടതോടെ സ്ഥലം വിട്ടു. വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട കുപ്രസിദ്ധ ഗുണ്ട ‘റെഡ് ഹിൽസ്’ സൂര്യയാണ് തമിഴ്നാട്ടിലെ വാണ്ടല്ലൂരിൽ ബിജെപി സംഘടിപ്പിച്ച ചടങ്ങിനിടെ അംഗത്വം എടുക്കാനെത്തിയത്. എന്നാൽ, പൊലീസ് സ്ഥലത്തുണ്ടെന്നറിഞ്ഞ ഇയാൾ സ്ഥലം കാലിയാക്കുകയായിരുന്നു.
പാർട്ടി സംസ്ഥാന അധ്യക്ഷൻ എൽ മുരുഗന്‍റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വ ജ്യാമ്പയിൻ നടന്നത്. ഈ ചടങ്ങിൽ പങ്കെടുക്കാൻ സൂര്യ എത്തുമെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചെങ്കൽപ്പേട്ട് നിന്നെത്തിയ പൊലീസ് സംഘം പരിപാടി നടക്കുന്ന വേദി വളഞ്ഞു. എന്നാൽ, പൊലീസിനെ കണ്ട ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കൊപ്പമുണ്ടായിരുന്ന 4 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
Read Also : അനുവിന്റെ മൃതദേഹവുമായി ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്
കൊലപാതകം, കൊലപാതകശ്രമം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സൂര്യ. ഇയാൾക്കെതിരെ സിആർപിസി സെക്ഷൻ 41 ( വാറണ്ടില്ലാതെ അറസ്റ്റ്) ചുമത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേ സമയം, പാർട്ടിയിൽ ചേരാനെത്തുന്ന ആളുകളുടെ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് മുരുകൻ പ്രതികരിച്ചു. നേരത്തെയും മൂന്ന് ഗുണ്ടാ നേതാക്കൾക്ക് അംഗത്വം നൽകിയതിന്‍റെ പേരിൽ പാർട്ടി വിമർശിക്കപ്പെട്ടിരുന്നു. അതിനിടെയാണ് പുതിയ സംഭവം.
Story Highlights – Gangster intends to join BJP in Tamil Nadu, flees on seeing police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here