അണ്‍ലോക്ക് നാലാംഘട്ടം; മെട്രോ സര്‍വീസുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി

സെപ്റ്റംബര്‍ ഏഴ് മുതല്‍ പുനരാരംഭിക്കുന്ന മെട്രോ സര്‍വീസുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. മഹാരാഷ്ട്രയില്‍ ഒഴികെയുള്ള മെട്രോ സര്‍വീസുകളാണ് ഘട്ടംഘട്ടമായി പ്രവര്‍ത്തനം തുടങ്ങുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്റ്റേഷനുകള്‍ തുറക്കില്ല. യാത്രക്കാര്‍ക്ക് മാസക്ക് നിര്‍ബന്ധമാണെന്നും, സാമൂഹിക അകലം പാലിക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ ആദ്യം യെല്ലോ ലൈനില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചു.
അണ്‍ലോക്ക് നാല് മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. രാജ്യത്തെ പതിനഞ്ച് മെട്രോ റെയില്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറുമാരുമായി കൂടിയാലോചിച്ച ശേഷമാണ് മാര്‍ഗരേഖയ്ക്ക് അന്തിമരൂപം നല്‍കിയത്. അടുത്ത തിങ്കളാഴ്ച മുതല്‍ ഘട്ടംഘട്ടമായി സര്‍വീസ് ആരംഭിച്ച് പന്ത്രണ്ടാം തിയതിയോടെ എല്ലാ ലൈനുകളിലും സര്‍വീസുകള്‍ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം.
തിരക്ക് ഒഴിവാക്കുന്ന തരത്തിലായിരിക്കണം സര്‍വീസുകള്‍ ക്രമീകരിക്കേണ്ടത്. യാത്രക്കാരെ പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും. മാസ്‌ക്കും സാമൂഹിക അകലവും നിര്‍ബന്ധം. സീറ്റുകള്‍ ഇടവിട്ട് ഒഴിച്ചിടും. ജനങ്ങള്‍ മെട്രോ അധികൃതരുമായി സഹകരിക്കണമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി അഭ്യര്‍ത്ഥിച്ചു. മാസ്‌ക്ക് ഇല്ലാതെ വരുന്നവര്‍ക്ക്, പണം നല്‍കി മാസക്ക് വാങ്ങാന്‍ മെട്രോ സ്റ്റേഷനില്‍ സൗകര്യമൊരുക്കും. തെര്‍മല്‍ സ്‌കാനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശം നല്‍കുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കി.
Story Highlights – Unlock Phase IV; Central issued guidelines for Metro services