തൃശൂർ ഡിസിസി പ്രസിഡന്റ് ചുമതലയേറ്റ ചടങ്ങിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെ വൻആൾക്കൂട്ടം

തൃശൂരിൽ പുതിയ ഡിസിസി പ്രസിഡൻറായി എം പി വിൻസൻറ് ചുമതയേറ്റ ചടങ്ങിൽ കൊവിഡ് മാർഗനിർദേശം പാലിക്കാതെ ആൾക്കൂട്ടം. നൂറിലധികം പേരാണ് ഡിസിസിയിൽ ഒത്തുചേർന്നത്. പുതിയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ എത്തുന്നതിന് മുന്‍പ് തന്നെ ഡിസിസി ഓഫീസിന് മുന്നിലും റോഡിലുമായി നിരവധി പേരാണ് ഒത്തുകൂടിയത്. ചുമതലയേൽക്കാൻ എം പി വിൻസന്റ് എത്തിയപ്പോള്‍ തോരണം ചാർത്തലും ആലിംഗനവും നടന്നിരുന്നു.

സമൂഹിക അകലം പാലിക്കാതെയും ചില ഘട്ടങ്ങളിൽ മാസ്‌ക്ക് ശരിയായി ഉപയോഗിക്കാതെയുമാണ് പ്രവർത്തകർ പരിപാടിയുടെ ഭാഗമായത്. പിന്നീട് നടന്ന സമ്മേളനത്തിലും നിരവധി ആളുകൾ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു പരിപാടി.

Read Also : വ്യാപാര കേന്ദ്രമായ രാമചന്ദ്രയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘനം; കേസ്

എംപിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എംഎൽഎ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഒന്നര വർഷത്തിന് ശേഷമാണ് തൃശൂർ ഡിസിസിക്ക് പ്രസിഡന്റിനെ നിയമിക്കുന്നത്. 2019 ലോകസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞ ടി എൻ പ്രതാപൻ എംപി കെപിസിസിയുടെ നിർദേശമനുസരിച്ച് സ്ഥാനത്ത് തുടരുകയായിരുന്നു.

തുടർന്ന് പരാതികളും ആക്ഷേപങ്ങളും ഉയർന്നു. പ്രതാപന്റെ രാജി സ്വീകരിച്ച് കെപിസിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാലിനെയും ജനറൽ സെക്രട്ടറി ഒ അബ്ദുറഹിമാനെയും നിയമിച്ചെങ്കിലും ഇതും വിവാദത്തിലായിരുന്നു. ഇന്നലെയാണ് തൃശൂർ ഡിസിസി പ്രസിഡന്റായി വിൻസെൻറിനെ നിയമിച്ച് എഐസിസിയുടെ ഉത്തരവിറങ്ങിയത്.

Story Highlights covid protocol violation, thrisur dcc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top