ഇന്ന് ലോക നാളികേര ദിനം…

ഇന്ന് ലോക നാളികേര ദിനം. അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ സ്ഥാപക ദിനം എന്ന നിലക്കാണ് സെപ്തംബർ രണ്ടിനെ ലോക നാളികേര ദിനമായി തിരഞ്ഞെടുത്തത്. ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയാണ് ദിനാചരണത്തിന് ചുക്കാൻ പിടിക്കുന്നത്. ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം… നാളികേരത്തെ സംബന്ധിച്ച് തികച്ചും അർത്ഥവത്തായ പഴമൊഴിയാണിത്. തൊണ്ടോടെ തേങ്ങയ്ക്ക് വിപണി വില 18 മുതൽ 22 രൂപ വരെയാണ്. തൊണ്ട് ഇല്ലാത്തത് കിലോയ്ക്ക് 38 മുതൽ 45 രൂപ വരെയും. ഒരു തെങ്ങിൽ നിന്ന് ഒരു നാളികേരം കൂടുതലായി ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ വരുമാനത്തിൽ വലിയ വർധനവാണുണ്ടാവുക എന്നർത്ഥം.
ലോകത്ത് ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്നതാകട്ടെ നാളികേരത്തിന്റെ നാടായ കേരളവും. മലയാളിയുടെ തൊട്ടിൽ തൊട്ട് ചുടല വരെ നാളികേരമുണ്ട്. ഭക്ഷണമായി, വരുമാനമായി, ആചാരാനുഷ്ഠാനങ്ങളിലെ അഭിവാജ്യ ഘടകമായി. എന്നിട്ടും നാളികേര കർഷകർ പലപ്പോഴും വലിയ വെല്ലുവിളികളും പ്രതിസന്ധിയുമാണ് നേരിടുന്നത്.
നാളികേരോൽപ്പന്നങ്ങളുടെ പോഷക ഗുണങ്ങളും ഔഷധ ഗുണങ്ങളും മനസിലാക്കി ലോക വിപണിയിലും ആഭ്യന്തര വിപണിയിലും ഇവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ശാസ്ത്രീയമായി തെങ്ങുകൃഷി ചെയ്താൽ വളരെ ലാഭം കിട്ടുന്ന ഒരു വിളയായി തെങ്ങ് മാറിയിരിക്കുന്നു. അതുകൊണ്ട് ഉത്പാദന ക്ഷമതയിൽ ഇനിയും ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുകയും അതുവഴി ലക്ഷക്കണക്കിന് പേർക്ക് ഇതൊരു ഉപജീവനമാർഗമായി മാറ്റാൻ സാധിക്കുകയും ചെയ്യും. ഈ ലോക നാളികേര ദിനവും അതാണ് നമ്മെ ഓർമിപ്പിക്കുന്നത്.
Story Highlights – Today is World Coconut Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here