എന്തുകൊണ്ട് ശ്രീശാന്തിനെ പിന്തുണക്കണം?

7 വർഷങ്ങൾക്ക് ശേഷം ശ്രീശാന്തിൻ്റെ വിലക്ക് ഈ മാസം അവസാനിക്കുകയാണ്. നഷ്ടപ്പെട്ടത് ഏറെ സുപ്രധാനമായ ഒരു കാലഘട്ടമാണ്. 7 വർഷങ്ങൾ എന്നത് ചെറിയ കാലയളവല്ല. ഇപ്പോൾ ശ്രീശാന്തിന് 37 വയസ്സായി. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് അവൻ്റെ ശാരീരിക ക്ഷമതയൊക്കെ ചോദ്യം ചെയ്യപ്പെടുന്ന പ്രായം. 38ആം വയസ്സിൽ ഇന്ത്യൻ ടീമിൽ കളിച്ച ആശിഷ് നെഹ്റയെ മറന്നു കൊണ്ടല്ല ഈ പരാമർശം. നെഹ്റ ഒരു സാധാരണ ചിത്രമല്ല. അതുകൊണ്ട് തന്നെ 37ആം വയസ്സിൽ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെ വരുന്ന ശ്രീ താൻ എത്രത്തോളം മികച്ചവനാണെന്ന് സ്വയം തെളിയിക്കേണ്ടി വരും.
കരിയറിലെ ഏറ്റവും സുപ്രധാനമായ സമയത്താണ് ശ്രീ ഒത്തുകളി ആരോപണത്തിൽ കുടുങ്ങുന്നത്. മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച് സുപ്രിം കോടതി ശ്രീയെ വെറുതെ വിട്ടെങ്കിലും ബിസിസിഐ വെറുതെ വിടാൻ തയ്യാറായില്ല. വിലക്ക് നീക്കാനും സുപ്രിം കോടതി വേണ്ടി വന്നു. രാജ്യത്തെ പരമോന്നത കോടതി തെറ്റ് ചെയ്തിട്ടില്ലെന്ന് വിധിച്ച ഒരു കളിക്കാരൻ്റെ കരിയർ തകർത്തത് ബിസിസിഐയുടെ താൻപോരിമ തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. ചില വമ്പൻ സ്രാവുകളെ സംരക്ഷിക്കാൻ ബിസിസിഐ ചൂണ്ടയിട്ട് പിടിച്ച പരൽ മീൻ മാത്രമായിരുന്നു ശ്രീശാന്ത് എന്ന ആരോപണങ്ങളും നിലനിക്കുകയാണ്. എന്തായാലും ആരോപണങ്ങൾ അവിടെ നിൽക്കട്ടെ. 2013ൽ, 30ആം വയസ്സിൽ ആജീവനാന്തം വിലക്കപ്പെട്ട ശ്രീ രണ്ട് വർഷങ്ങൾക്കു ശേഷം തെറ്റുകാരനല്ലെന്ന് സുപ്രിം കോടതിയുടെ വിധി വരുന്നു. ബിസിസിഐയുടെ ധാർഷ്ട്യം കാരണം വീണ്ടും കളത്തിലിറങ്ങാൻ ശ്രീശാന്തിനു വേണ്ടിവന്നത് 5 വർഷങ്ങൾ നീണ്ട പോരാട്ടമാണ്. ആ ചോരക്കറ ബിസിസിഐയുടെ കൈകളിൽ ഉണ്ട്.
Read Also : വിലക്ക് ഈ മാസം അവസാനിക്കും; പരിശീലന വിഡിയോ പങ്കുവച്ച് ശ്രീശാന്ത്
‘അഹങ്കാരി’ എന്ന ലേബൽ നമ്മൾ മലയാളികൾ പതിച്ചു കൊടുത്തതാണ്. കളിക്കളത്തിലെ ആറ്റിറ്റ്യൂഡ് ഓസ്ട്രേലിയൻസിൻ്റെയും വെള്ളക്കാരൻ്റെയും കുത്തകയാണോ? സ്ലെഡ്ജിംഗ് റിക്കി പോണ്ടിംഗിനും ആൻഡ്രൂ ഫ്ലിൻ്റോഫിനും മൈക്കൽ ക്ലാർക്കിനും പതിച്ചു നൽകിയിട്ടുണ്ടോ? സ്ലെഡ്ജിംഗ് എന്നാൽ, ഫ്രണ്ട്‌ലി ബാൻ്റർ അല്ല, പച്ചക്ക് ചീത്തവിളിയായിരുന്നു പോണ്ടിംഗ് ഉൾപ്പെടെയുള്ള ഓസീസ് താരങ്ങളുടെ സംസ്കാരം. വിരാട് കോലി ‘മദർ ഛോ*’ എന്ന് ഉപയോഗിക്കാറുണ്ട്. കോലി മാത്രമല്ല, മറ്റ് പലരും അമ്മയെയും സഹോദരിയെയും ചേർത്ത് ചീത്ത പറയാറുണ്ട്. അത് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് വെളിപ്പെടുത്തിയിട്ടുമുണ്ട്. കോലിക്ക് ഒരു നീതിയും ശ്രീശാന്തിന് മറ്റൊരു നീതിയും ആകുന്നതിനു പിന്നിലെ യുക്തി എന്താണ്? ‘അത് കോലി, ഇത് ശ്രീശാന്ത്’ എന്ന മറുപടി കൊണ്ടാണ് പലരും ഈ വാദത്തെ ഖണ്ഡിക്കുന്നത്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഔട്ട്സ്വിങ്ങ് ബൗളർമാരിൽ ഒരാളാണ് ശ്രീശാന്ത്. ഇന്ത്യ ചരിത്രത്തിൽ ആദ്യമായി പ്രോട്ടീസിന്റെ മണ്ണിൽ ഒരു ടെസ്റ്റ് വിജയം കുറിച്ചത് 2006ൽ ആയിരുന്നു. അന്ന് ആ വിജയത്തിൻ്റെ ശില്പി 40 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ശ്രീ ആയിരുന്നു. 83 റൺസിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കിയ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി പ്രോട്ടീസിന്റെ മണ്ണിൽ ഒരു ടെസ്റ്റ് വിജയം കുറിച്ചു. അന്ന് ഗ്രെയിം സ്മിത്തിനെതിരെയും ഹാഷിം അംലക്കെതിരെയും തൊടുത്തുവിട്ട ഡെലിവറികൾ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ക്ലാസിക്ക് കാഴ്ചകളാണ്. 2010 ഡർബൻ ടെസ്റ്റിൽ ജാക്കസ് കാലിസിനെ വിറപ്പിച്ച ബൗൺസർ രോമാഞ്ചമാണ്. 2007 ടി-20 ലോകകപ്പിൽ ഹെയ്ഡനും ഗിൽക്രിസ്റ്റും മടങ്ങിയത് ശ്രീയ്ക്ക് മുന്നിലാണ്. 4-1-12-2 എന്നായിരുന്നു അന്നത്തെ ശ്രീയുടെ ബൗളിംഗ് ഫിഗർ. ഇനിയുമിനിയും പറയാൻ ഉദാഹരണങ്ങളുണ്ട്. അതുകൊണ്ടൊക്കെ ഓസ്ട്രേലിയക്കാർക്കും ഇംഗ്ലണ്ടുകാർക്കും വിരാട് കോലി അടക്കമുള്ള ഇന്ത്യക്കാർക്കും സ്ലെഡ്ജ് ചെയ്യാമെങ്കിൽ ശ്രീശാന്തിനും സ്ലെഡ്ജ് ചെയ്യാം.
Read Also : ശ്രീശാന്ത് ഈ വർഷം രഞ്ജി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ
ശ്രീശാന്തിന് ക്രിക്കറ്റ് എന്ന ഗെയിമിനെ ചതിക്കാൻ കഴിയില്ല. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമയത്ത് അദ്ദേഹവുമായി മലയാളത്തിലെ അറിയപ്പെടുന്ന ഒരു സ്പോർട്സ് മാസിക നടത്തിയ അഭിമുഖം വായിച്ചപ്പോഴാണ് ശ്രീശാന്തിന് ക്രിക്കറ്റിനോടുള്ള അഭിനിവേശം മനസ്സിലാവുന്നത്. അങ്ങനെയൊരു മനുഷ്യന് ആ ഗെയിമിനെ ഒരിക്കലും ചതിക്കാൻ കഴിയില്ല. ഗെയിമിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാവാം ഒരുപക്ഷേ, അദ്ദേഹം ഗ്രൗണ്ടിൽ ‘കൂടുതൽ’ അഗ്രഷൻ കാണിച്ചതും. വാശി കൂടപ്പിറപ്പായിരുന്നു. ഗെയിമിനു പുറത്തെടുത്ത ചില തീരുമാനങ്ങൾ പാളിപ്പോയിരുന്നു. അതുകൊണ്ടൊക്കെയാണ് നമ്മൾ അഹങ്കാരി എന്ന് ശ്രീയെ വിശേഷിപ്പിച്ചതും. 37ആം വയസ്സിലും അദ്ദേഹം കളിക്കളത്തിലേക്ക് തിരികെ വരുന്നതും ക്രിക്കറ്റിനോടുള്ള ഈ ഇഷ്ടം കൊണ്ടാണ്.
സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ശ്രീശാന്തിനെ കുറ്റപ്പെടുത്തുന്നവരിൽ അധികവും മലയാളികളാണെന്നതാണ് മറ്റൊരു കാര്യം. കേരളത്തിനു പുറത്ത്, ഉത്തരേന്ത്യയിലൊക്കെ ഇപ്പോഴും അദ്ദേഹത്തിന് ആരാധകരുണ്ട്. ശ്രീ തിരികെ വരണമെന്നും അദ്ദേഹത്തിൻ്റെ വിലക്ക് നീക്കണമെന്നും അവർ ക്യാമ്പയിൻ നടത്തിയിരുന്നു. നമ്മൾ അഹങ്കാരി എന്ന് വിളിച്ച് തഴഞ്ഞ താരമാണെന്നോർക്കണം. കേരളത്തിൽ നിന്ന് രാജ്യാന്തര തലത്തിലെത്തി രണ്ട് ലോകകപ്പുകൾ ഉൾപ്പെടെ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കുകയും രാജ്യാന്തര തലത്തിൽ മറക്കാനാവാത്ത അടയാളപ്പെടുത്തലുകൾ നടത്തുകയും ചെയ്ത ഒരു താരമാണ്. പരിശീലന വിഡിയോകൾ വിശ്വസിച്ചാൽ ശ്രീ ഇപ്പോഴും ശാരീരികമായി ഫിറ്റാണ്. ലൈനും ലെങ്തും നഷ്ടമായിട്ടുമില്ല. ആഭ്യന്തര സീസണിൽ ശ്രീ ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കും എന്നാണ് കരുതുന്നത്. അദ്ദേഹത്തിനു വേണ്ടത് മലയാളികളുടെ മാനസിക പിന്തുണയാണ്.
Story Highlights – Article about sreesanth comeback