മുഖ്യമന്ത്രി അമേരിക്കയിൽ ആയിരുന്നപ്പോൾ സർക്കാർ ഫയലിൽ മുഖ്യമന്ത്രിയുടെ പേരിൽ ആരോ വ്യാജ ഒപ്പ് വച്ചു; തെളിവുകളുമായി സന്ദീപ് വാര്യർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്കായി പോയപ്പോൾ സർക്കാർ ഫയലിൽ മുഖ്യമന്ത്രിയുടെ പേരിൽ ആരോ വ്യാജ ഒപ്പ് വച്ചുവെന്ന് വാർത്താ സമ്മേളനത്തിൽ സന്ദീപ് വാര്യർ പറഞ്ഞു. തെളിവുകളുമായാണ് സന്ദീപ് വാര്യർ വാർത്താ സമ്മേളനത്തിന് എത്തിയത്.
‘2018 സെപ്തംബർ 2-ാം തിയതി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലേക്ക് മടങ്ങി വരുന്നത് സെപ്തംബർ 23നാണ്. സെപ്തംബർ 3-ാം തിയതി ഒരു ഫയൽ എത്തിയിരുന്നു. പൊതുഭരണ വിഭാഗത്തിൽ നിന്ന് മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നത് സംബന്ധിച്ചുള്ള ഫയലായിരുന്നു അത്. ആ ഫയലിൽ സപ്തംബർ 9-ാം തിയതി മുഖ്യമന്ത്രി ഒപ്പുവച്ചിട്ടുണ്ട്. അമേരിക്കയിലായിരുന്ന മുഖ്യമന്ത്രി എങ്ങനെ ഒപ്പുവച്ചു? ഈ ഫയൽ പിന്നീട് 13-ാം തിയതി തിരിച്ചുപോയി. ഈ ദിവസങ്ങളിലൊന്നും മുഖ്യമന്ത്രി കേരളത്തിലില്ല. ഈ ഫയലിൽ ഒപ്പുവച്ചത് ശിവശങ്കറാണോ , സ്വപ്‌നാ സുരേഷാണോ ? മുഖ്യമന്ത്രിയുടെ കള്ള ഒപ്പിടാൻ ആരെങ്കിലെയും നിയമിച്ചിട്ടുണ്ടോ ? മുഖ്യമന്ത്രി നാട്ടിലുള്ളപ്പോഴും ഇത് സംഭവിക്കാമല്ലോ’-സന്ദീപ് വാര്യർ പറയുന്നു.
സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫിസിൽ മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമായി ഇട്ടത് ഗുരുതര വിഷയമാണ്. കെ.കരുണാകരൻ വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ അറിവോടുകൂടി എന്ന് പറഞ്ഞ് ചീഫ് സെക്രട്ടറി ഒപ്പിട്ടിരുന്നു. ഒരിക്കലും മുഖ്യമന്ത്രി ഒപ്പിട്ടിരുന്നില്ല. അതാണ് കീഴ്‌വഴക്കമെന്നും സന്ദീപ് പറഞ്ഞു.
Story Highlights – cm fake signature in govt file alleges sandeep warrior
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here