ഡിഎംആർസി കേരളം വിടുന്നു

കൊച്ചി മെട്രോയുടെ ആദ്യഘട്ട നിർമാണത്തിന് മേൽനോട്ടം നിർവഹിച്ച ഡിഎംആർസി കേരളം വിടുന്നു. ഇതോടെ നിയമക്കുരുക്കിൽ പെട്ട പാലാരിവട്ടം മേൽപ്പാല പുനർനിർമാണം ഡിഎംആർസി ഏറ്റെടുത്തേക്കില്ല. ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ ഡിസംബറിൽ വിരമിക്കും.
കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രൊയുടെ മേൽനോട്ടം ഡിഎംആർസിക്ക് കൈമാറാൻ സമരം പോലും കേരളം കണ്ടു. ഇ. ശ്രീധരനെന്ന രാജ്യത്തിന്റെ മെട്രൊമാന്റെ സേവനം ലഭിക്കാനാണ് കേരളം കൈകോർത്തത്. ദൗത്യങ്ങൾ പൂർത്തിയായതോടെയാണ് ഡിഎംആർസി കേരളം വിടുന്നത്. ശ്രീധരൻ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തു നിന്ന് ഡിസംബറിൽ വിരമിക്കും. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ ഭൂരിഭാഗം നിർമാണ പ്രവർത്തികളും പൂർത്തിയായി.
ആലുവ മുതൽ പേട്ട വരെ 25 കിലോമീറ്റർ മെട്രോ നിർമിച്ച് കൈമാറുന്ന കരാറാണ് ഡിഎംആർസി ഏറ്റെടുത്തത്. ലോക്ക്ഡൗൺ തുടരുന്നതിനിടെ പേട്ട വരെ നിർമാണം പൂർത്തിയാക്കി. ചമ്പക്കര പാലത്തിന്റെ പണികൾ മാത്രമാണ് അവശേഷിക്കുന്നത്. മെട്രൊ രണ്ടാം ഘട്ടത്തിൽ ഡിഎംആർസിയില്ല. അടുത്ത മാസത്തോടെ കൊച്ചിയിലെ ഓഫീസ് പൂട്ടും. സ്ഥിരം ജീവനക്കാരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. തകർച്ചയിലായ പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർ നിർമാണ മേൽനോട്ടം സർക്കാർ ഇ. ശ്രീധരന് കൈമാറിയിരുന്നു. ഭാരപരിശോധനയെച്ചൊല്ലിയുള്ള നിയമക്കുരുക്ക് വെല്ലുവിളിയായി. രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കിയെങ്കിലും നിർമാണമേറ്റെടുക്കൽ ഇനി നടന്നേക്കില്ല.
Story Highlights – DMRC leaves kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here