യാക്കോബായ- ഓർത്തഡോക്‌സ് സഭ തർക്കം; സർക്കാർ ഇടപെടുന്നു

യാക്കോബായ- ഓർത്തഡോക്‌സ് സഭകൾ തമ്മിലുള്ള പള്ളിത്തർക്കത്തിൽ സർക്കാർ ഇടപെടുന്നു. പ്രശ്‌നപരിഹാരത്തിന് ഇരുവിഭാഗത്തെയും ഈമാസം 10ന് മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചു. ചർച്ചയിൽ പങ്കെടുക്കുമെന്ന് യാക്കോബായ സഭയും സഭാ സമിതികൾ ചേർന്ന് തീരുമാനിക്കുമെന്ന് ഓർത്തഡോക്‌സ് സഭയും വ്യക്തമാക്കി.
യാക്കോബായ- ഓർത്തഡോക്‌സ് സഭകൾ തമ്മിലുള്ള പള്ളിത്തർക്കം ക്രമസമാധാന പ്രശ്‌നമായി ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ അനുനയ നീക്കം. ഈ മാസം 10-ന് ഇരുവിഭാഗവുമായി മുഖ്യമന്ത്രി പ്രത്യേകം ചർച്ച നടത്തും. ഇരുസഭകളിലെയും മൂന്ന് പ്രതിനിധികളെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളി പിടിച്ചെടുക്കുന്ന നടപടി ഒഴിവാക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. ചർച്ചയ്ക്ക് വിളിച്ച സർക്കാർ നടപടിയെ യാക്കോബായ സഭ സ്വാഗതം ചെയ്തു.
പള്ളിക്കാര്യത്തിൽ ഓർഡിനൻസ് കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ഒർത്തഡോക്‌സ് വിഭാഗം ആവശ്യപ്പെടുന്നു. ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ഓർത്തഡോക്‌സ് സഭ വ്യക്തമാക്കി. നേരത്തെ സുപ്രിംകോടതി വിധി വന്നതിന് ശേഷം പള്ളികൾ സമവായത്തിലൂടെ വിട്ടുനൽകുന്നതിന് മന്ത്രിതല സമിതിയുടെ നേതൃത്വത്തിൽ നീക്കങ്ങൾ നടത്തിയിരുന്നു.
എന്നാൽ, ഓർത്തഡോക്‌സ് സഭ ചർച്ചയ്ക്ക് സന്നദ്ധരായിരുന്നില്ല. വിധി നടപ്പാക്കണമെന്ന നിലപാടിൽ അവർ ഉറച്ച് നിൽക്കുകയാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സഭകൾ തമ്മിൽ അനുരഞ്ജന ചർച്ച നടത്താനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയമാനം കൂടിയുണ്ട്.
Story Highlights – Jacobite-Orthodox Church dispute; The government is intervening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here