പെട്ടിമുടി ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടമായവരുടെ പുനരധിവാസം; ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പെട്ടിമുടി ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ വിവരശേഖരണത്തിനായി നിയോഗിച്ച പ്രത്യേക സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മരിച്ച 66 പേര്‍ക്കും കാണാതായ നാലുപേര്‍ക്കും നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ള അനന്തരാവകാശികള്‍ ഉള്ളതായി കണ്ടെത്തി. മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ബിനു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും.

പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടും സ്ഥലവും പൂര്‍ണമായും നഷ്ടപ്പെട്ടവരുടെ പുനരധിവാസവും, ധനസഹായവും വേഗത്തിലാക്കുന്നതിന് വിവര ശേഖരണത്തിനായി കഴിഞ്ഞ മാസം 19 നാണ് ജില്ലാ കളക്ടര്‍ 12 അംഗ സംഘത്തെ ചുമതലപ്പെടുത്തിയത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ
66 പേരുടെയും കാണാതായ നാല് പേരുടെയും അനന്തരാവകാശികളെ പ്രത്യേകസംഘം കണ്ടെത്തി.

ഇവരുടെ ബാങ്ക് അക്കൗണ്ട്, ആധാര്‍ വിവരങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടിനൊപ്പം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. ഇത് മുഖേനയാണ് മരിച്ചവര്‍ക്കും കാണാതായവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കേണ്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു പുറമെ തമിഴ്‌നാട് സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങള്‍ മരിച്ച ആറും, വീടും വീട്ടുപകരണങ്ങളും നശിച്ച രണ്ട് കുടുംബങ്ങളെയാണ് അടിയന്തരമായി പുനരധിവസിപ്പിക്കേണ്ടത്. ദുരന്തഭൂമിയുടെ സമീപത്തു താമസിച്ചിരുന്ന എട്ട് കുടുംബങ്ങളെ കണ്ണന്‍ ദേവന്‍ കമ്പനി ഇടപെട്ട് പുനരധിവസിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നശിച്ച വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിങ്ങനെയായി എണ്‍പത്തിയെട്ടുലക്ഷത്തി നാല്‍പത്തിയൊന്നായിരം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും. ദുരന്തത്തില്‍ ഇനിയു കണ്ടെത്താനുള്ള നാലുപേര്‍ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നുണ്ട്.

Story Highlights pettimudi landslide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top