കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട അഖിലേഷ് ശർമ്മയ്ക്ക് ആൺകുഞ്ഞ് പിറന്നു

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച സഹപൈലറ്റ് അഖിലേഷ് ശർമ്മയുടെ ഭാര്യ ആൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞ ദിവസമാണ് അഖിലേഷിന്റെ ഭാര്യ മേഘ ശുക്‌ള മഥുര നയാതി മെഡിസിറ്റിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു പ്രസവം എന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മേഘയെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അറിയിച്ചു.
Read Also : കോഴിക്കോട് വിമാനദുരന്തത്തിൽ പെട്ട് ആശുപത്രിയിലായിരുന്ന ഐഷ ദുവ മരണത്തിന് കീഴടങ്ങി
നേരിട്ട കടുത്ത ദുഃഖത്തിൽ നിന്ന് കരകയറാനുളള പ്രതീക്ഷയുടെ തിരിനാളമാണ് കുഞ്ഞിന്റെ ജനനമെന്ന് അഖിലേഷിന്റെ പിതാവ് തുളസി റാം ശർമ്മ പറഞ്ഞു. കുഞ്ഞുണ്ടാവുമ്പോൾ കൂടുതൽ സമയം അമ്മയ്ക്കും കുഞ്ഞിനുമൊപ്പം ചെലവഴിക്കാനായി അവധികളെടുക്കാതെ കൂട്ടിവച്ചിരിക്കുകയായിരുന്നു അഖിലേഷ്. ആഗസ്ത് 21 മുതൽ പതിനഞ്ചു ദിവസത്തേക്ക് ലീവിൽ പ്രവേശിക്കാനായിരുന്നു അദ്ദേഹത്തിൻ്റെ തീരുമാനം. എന്നാൽ, ഓഗസ്റ്റ് ഏഴിനുണ്ടായ അപകടത്തിൽ അഖിലേഷ് മരണപ്പെടുകയായിരുന്നു.
ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും കരിപ്പൂരിൽ എത്തിയതിനു ശേഷം വിളിക്കാമെന്നും അമ്മയോട് പറഞ്ഞതിനു ശേഷമായിരുന്നു അഖിലേഷിന്റെ അവസാനയാത്ര. പൂർണ ഗർഭിണിയായ മേഘയെ അഖിലേഷിൻ്റെ വിയോഗവാർത്ത ആദ്യം അറിയിച്ചില്ല. സംസ്കാരത്തിന് അല്പം മുൻപാണ് വിവരം മേഘയെ അറിയിച്ചത്.
മഹാരാഷ്ട്രയിലെ ഓക്സ്ഫർഡ് ഏവിയേഷൻ അക്കാദമിയിൽ നിന്നാണ് അഖിലേഷ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. 2017ലാണ് അദ്ദേഹം എയർ ഇന്ത്യയിൽ ജോലി ആരംഭിച്ചത്. വന്ദേഭാരത് ദൗത്യവുമായി ആദ്യം കോഴിക്കോട്ടേയ്ക്ക് എത്തിയ വിമാനത്തിന്റെ സഹവൈമാനികൻ കൂടിയായിരുന്നു അഖിലേഷ്. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വന്ന അഖിലേഷ് അടക്കമുളള എയർ ഇന്ത്യ എക്സ്പ്രസ് ക്രൂവിനെ അന്ന് കൈയ്യടികളോടെയാണ് ആളുകൾ സ്വീകരിച്ചത്.
Story Highlights – Air India Express crash: Wife of killed co-pilot Akhilesh Sharma delivers baby boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here