‘സാധാരണക്കാരെ വീട്ടുടമയ്ക്ക് താത്പര്യമില്ലായിരുന്നു; അതിന് ശേഷം ഒന്ന് വിളിച്ചുപോലുമില്ല’; അനീഷിന്റെ കുടുംബം പറയുന്നു

ഭർത്താവിന്റെ ആത്മഹത്യയ്ക്ക് ശേഷം വീട്ടുടമ ഒന്നു വിളിക്കുക പോലും ചെയ്തില്ലെന്ന് അനീഷിന്റെ ഭാര്യ സൗമ്യ. അനീഷിന്റെ മരണത്തിന് കാരണം വീട്ടുടമയുടെ ഭീഷണിയാണെന്ന് തന്നെ വിശ്വസിക്കുന്നു. മനസാക്ഷിയുള്ള ആരാണെങ്കിലും ഒന്നു കയറിവരികയെങ്കിലും ചെയ്യും. സാധാരണക്കാരെ വീട്ടുടമയ്ക്ക് താത്പര്യമില്ലായിരുന്നുവെന്നും സൗമ്യ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also :വീട്ട് വാടകയ്ക്കായി സമർദ്ദം; ഓട്ടോറിക്ഷ തൊഴിലാളി ആത്മഹത്യ ചെയ്തു; ഉടമ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ

‘സംഭവ ദിവസം വലിയ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പുറത്തുപോയി വന്ന ശേഷം ചേട്ടൻ ദേഷ്യത്തിലായിരുന്നു. അതിന് തൊട്ടുമുൻപ് വീട്ടുടമ വിളിച്ചിരുന്നു. മനസിന് വിഷമമുണ്ടാക്കുന്ന എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വീട്ടിൽ വന്ന ശേഷം ഫോൺ വലിച്ചെറിഞ്ഞ് കസേരയെടുത്ത് മുറിയിൽ കയറി. ഇതിനിടെ പുറത്തിറങ്ങി മകന് ഒരു ഉമ്മയും നൽകി വീണ്ടും മുറിയിൽ കയറി വാതിൽ അടച്ചു. എത്ര വിളിച്ചിട്ടും തുറന്നില്ല. സുഹൃത്തുക്കളും മറ്റും വന്ന് ജനലിലൂടെ നോക്കിയപ്പോൾ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. വാതിൽ തുറന്ന് അകത്തു കയറി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല’-സൗമ്യ പറയുന്നു.

ഓഗസ്റ്റ് പതിനെട്ടിന് വീട്ടുടമ ഒരു മെസേജ് അയച്ചിരുന്നു. ‘അവധി പറയുന്നതിന് ഒരു പരിധിയുണ്ട്. ഇത് ആളെ കളിയാക്കുന്നത് പോലെയുണ്ട്. വീട് ഉടൻ ഒഴിയണം. ബുദ്ധിമുട്ട് ഉണ്ടാക്കാതിരുന്നാൽ നല്ലത്’ എന്നായിരുന്നു ആ മെസേജ്. അഡ്വാൻസായി നൽകിയ 25000 ൽ നിന്ന് വാടക പിടിക്കണമെന്നും ബാക്കി ഉടൻ നൽകാമെന്നും പറഞ്ഞിരുന്നു. ഓണം കഴിഞ്ഞ് വീട് ഒഴിഞ്ഞു നൽകാമെന്നും പറഞ്ഞതാണ്. എന്നാൽ ഉടമ സമ്മതിച്ചില്ലെന്നും സൗമ്യ പറഞ്ഞു.

ഒൻപതിനായിരം രൂപയായിരുന്നു വീട്ടുവാടക. മൂന്ന് മാസത്തെയാണ് മുടങ്ങിയത്. കൊവിഡ് ജീവിതത്തെ കാര്യമായി ബാധിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് പണി കുറവായിരുന്നു. വീട്ടു വാടകയും ഓട്ടോ വാടകയും ചെലവും എല്ലാം കൂടി താങ്ങാൻ പറ്റാതായി. ഇത് ചേട്ടൻ പലപ്പോഴും പറഞ്ഞിരുന്നു. രണ്ട് കുഞ്ഞുങ്ങളും അമ്മയുമുണ്ട്. മുന്നോട്ടുപോകണമെങ്കിൽ ജോലി വേണം. സർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൗമ്യ കൂട്ടിച്ചേർത്തു.

Story Highlights Aneesh Family, Suicide, House rent

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top