സ്വർണ കടത്ത് കേസ്; അഞ്ച് പേരെ കൂടി പ്രതി ചേർത്ത് എൻഐഎ

സ്വർണ കടത്ത് കേസിൽ അഞ്ച് പേരെ കൂടി പ്രതി ചേർത്ത് എൻഐഎ. സ്വർണക്കടത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ചവരെയാണ് പ്രതിചേർത്തത്.
ഇതോടെ പ്രതികളുടെ എണ്ണം 30 ആയി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലടക്കം എൻഐഎ റെയ്ഡ് നടത്തി.

കുന്നമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി സ്വദേശി അബ്ദുൾ അസീസ്, കോയമ്പത്തൂർ സ്വദേശി നന്ദകുമാർ, തലശ്ശേരി സ്വദേശി രാജു, കോഴിക്കോട് പാലകുറ്റി സ്വദേശി മുഹമ്മദ് ഷമീർ എന്നിവരെയാണ് പുതുതായി പ്രതി ചേർത്തത്. സ്വർണക്കടത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ചവരാണ് ഇവർ. പ്രതികൾ അഞ്ച് പേരും അറസ്റ്റിലായതായി വിവരമുണ്ട്.

ഇതിനിടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. കോയമ്പത്തൂർ പവിഴം വീഥിയിൽ നന്ദകുമാറിന്റെ സ്വർണക്കടയും മറ്റ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. തിരുവനന്തപുരം വിമാനത്താവളം വഴികടത്തിയ സ്വർണം നന്ദകുമാറിലേക്കാണ് എത്തിയതെന്ന സംശയമാണ് എൻഐഎയ്ക്കുള്ളത്. രാവിലെ ആറുമണി മുതൽ ഡിവൈഎസ്പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിൽ ഉള്ള നാലംഗ സംഘമാണ് പരിശോധന നടത്തിയത്.

അതേസമയം, കേസിലെ 25-ാം പ്രതി ഷംസുദ്ദീൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. വിമാനത്താവവളങ്ങൾ വഴി സ്വർണം കടത്തിയതിൽ ഷംസുദ്ദീൻ മുഖ്യ കണ്ണിയാണെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ഹർജി ഈ മാസം 16ലേക്ക് മാറ്റി.

Story Highlights Gold smuggling case; The NIA added five more suspects

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top