സന്തോഷം കണ്ടെത്തിയാൽ ആത്മഹത്യയെ ചെറുക്കാം; മാതൃകയായി ഫിൻലൻഡും നോർവേയുമുണ്ട്

..

ടോം കുര്യാക്കോസ്

24 ന്യൂസ് എറണാകുളം ബ്യൂറോ ചീഫ്

കൊവിഡ് കാലമാണ്… ലോകം ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡ് ഭീതിയിൽ അരക്ഷിതരായി കഴിയുന്ന ജനത, കോവിഡിൻ്റെ പിടിയിൽപ്പെട്ട് ഏകാന്തവാസം അനുഭവിക്കുന്ന രോഗികൾ, തകർച്ചയുടെ വക്കിലെത്തിയ ബിസിനസുകാർ, തൊഴിൽ നഷ്ടപ്പെട്ട യുവാക്കൾ….. അങ്ങനെ സമാനതകളില്ലാത്ത പ്രതിസന്ധികൾ മനുഷ്യനെ അലട്ടുകയാണ്. ആത്മഹത്യയാണ് ഇതിന് പരിഹാരമാർഗമെന്ന് കരുതുന്നവരുണ്ട്. തിരുവനന്തപുരത്ത് പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതിനാൽ ജീവനൊടുക്കിയ അനു എന്ന യുവാവും കൊല്ലത്ത് കാമുകൻ ഉപേക്ഷിച്ച് പോയതിന് ആത്മഹത്യ ചെയ്ത റംസിയും ഓൺലൈൻ വിദ്യാഭ്യാസത്തിന് ടിവി ഇല്ലാത്തതിന് ജീവിതം അവസാനിപ്പിച്ച പെൺകുട്ടിയുമെല്ലാം നടുക്കുന്ന ഓർമകളാണ്. കേരളത്തിൽ എന്തുകൊണ്ട് ആത്മഹത്യ നിരക്ക് വർധിക്കുന്നു.

ഓരോ നാല്‍പ്പത് സെക്കന്‍ഡിലും ലോകത്തൊരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയുടെ കണക്കു പ്രകാരം ആത്മഹത്യാ നിരക്ക് കൂടുതുള്ള സംസ്ഥാനങ്ങളിൽ കേരളം അഞ്ചാം സ്ഥാനത്താണ്. 8,556 പേരാണ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലം ജില്ലയിലാണ്. ലക്ഷത്തിൽ‌ 41 പേരാണ് ഒരു വർഷം അവിടെ ആത്മഹത്യ ചെയ്യുന്നത്‌. ഏറ്റവും കൂടുതൽ ആത്മഹത്യ സംഭവിക്കുന്നത് കുടുംബ പ്രശ്‌നങ്ങൾ കാരണമെന്നും റിപ്പോർട്ടിൽ ഉണ്ട്. 3,655 പേരാണ് കേരളത്തിൽ കുടുംബ പ്രശ്‌നങ്ങൾ കാരണം ആത്മഹത്യ ചെയ്തത്. 974 പേർ മാനസിക പ്രശ്‌നങ്ങൾ കൊണ്ടും, 974 മറ്റ് രോഗങ്ങൾ കൊണ്ടും, 259 പേർ കടബാധ്യത കാരണവും, 230 പേർ പ്രണയം തകർന്നതുകൊണ്ടും, 81 പേർ തൊഴിലില്ലായ്മ കാരണവും ആത്മഹത്യ ചെയ്തു. വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കൂടുതലും യുവാക്കളാണ് (18-50 വയസ്സുള്ളവർ) ആത്മഹത്യ ചെയ്യുന്നത്. വിവാഹിതരാണ് ഇവരിൽ ഭൂരിഭാഗവും. കൊവിഡ് കാലത്ത് ആത്മഹത്യാ നിരക്ക് വർധിക്കുന്നതായി പഠനങ്ങളിൽ നിന്ന് വ്യക്തമാണ്. സമ്പത്തികമാന്ദ്യം, ജോലി നഷ്ടപ്പെടൽ, പ്രവാസി തിരിച്ചുവരവ് എന്നിവയെല്ലാം പഠനവിഷയമാക്കേണ്ടതുണ്ട്. അതുകൊണ്ട് കോവിഡിനെ അതിജീവിക്കാനുള്ള മാനസികാരോഗ്യ നയങ്ങൾ സർക്കാർ തലത്തിൽ കൊണ്ടുവരാൻ കഴിയണം.

Read Also : അരികിലില്ലാത്ത അച്ഛന് നന്ദി… ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നേരിടലാണ് ജീവിതമെന്ന് മനസിലാക്കി തന്നതിന്

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തേണ്ടതുണ്ട്. പല രാജ്യങ്ങളും സാമൂഹ്യ ക്ഷേമത്തിനും സന്തോഷത്തിനും വിനോദത്തിനും ഈ കാലത്ത് പ്രാധാന്യം നൽകുകയാണ്. വികസിത രാജ്യങ്ങൾ ബജറ്റിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് വലിയ തുക മാറ്റിവയ്ക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഹാപ്പിനെസ് ഇൻഡെക്സിൽ ഒന്നാംസ്ഥാനത്തെത്തിയ ഫിൻലൻഡ് എന്ന കൊച്ചു രാജ്യത്തെ നമുക്കും മാതൃകയാക്കാൻ കഴിയും. ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയ ഡെൻമാർക്ക്, നോർവേ, ഐസ്‌ലൻഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളും മനുഷ്യൻ്റെ സന്തോഷമാണ് വലുതെന്ന് തിരിച്ചറിയുന്നു. ഈ രാജ്യങ്ങളിൽ ആത്മഹത്യ നിരക്ക് കുറവാണെന്നും പഠനം തെളിയിക്കുന്നുണ്ട്. ഹാപ്പിനെസ് ഇൻഡെക്സ് പട്ടികയിൽ 140-ാം സ്ഥാനത്താണ് ഇന്ത്യ. സാമ്പത്തിക വരുമാനം, സ്വാതന്ത്ര്യം, വിശ്വാസം, സാമൂഹിക പിന്തുണ, തൊഴിലിടത്തെയും കുടുംബ ജീവിതത്തിലെയും സംതൃപ്തി എന്നീ കാര്യങ്ങളിൽ ഊന്നൽ നൽകിയാൽ നമുക്ക് ഈ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ കഴിയും. അതോടൊപ്പം സമൂഹത്തിൻ്റെയും വ്യക്തികളുടെയും പിന്തുണയും ഉണ്ടായാൽ സ്വയം പൊലിയുന്ന ജീവിതങ്ങളെ തിരിച്ചുപിടിക്കാം.

ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നവരെ തനിച്ചല്ലെന്ന തോന്നലുണർത്തി കരുത്തോടെ വഴിനടത്താൻ കഴിയണം. ഈ വർഷത്തെ ലോക ആത്മഹത്യാപ്രതിരോധ ദിനത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന നിർദേശമിതാണ്. ഒരുനിമിഷത്തെ അവിവേകംമൂലം സ്വയംവരുത്തുന്ന അനർഥം പ്രതിരോധിക്കുകയാണ് ‘Together we can’ എന്ന ക്യാംപെയിനിലൂടെ WHO ലക്ഷ്യമിടുന്നത്. നമ്മുടെ പരിചയവലയത്തിൽ ആർക്കെങ്കിലും ആത്മഹത്യാ പ്രവണതയുണ്ടെന്നു തോന്നിയാൽ മടികൂടാതെ അവരോട് കാര്യങ്ങൾ ചോദിച്ചറിയണം. ഒരു പരിധിവരെ മനസ്സുതുറന്നുള്ള സംഭാഷണങ്ങൾ ആത്മഹത്യയെ ചെറുക്കാൻ സഹായിക്കും. പ്രതിസന്ധികളിൽ ഒപ്പമുണ്ടെന്ന തോന്നൽ പല ജീവിതങ്ങളെയും തിരികെ പിടിക്കാൻ കഴിയും. അതിലൂടെ ജീവിതം കൈവിടുന്നവരെ ചേർത്തുനിർത്താം. ആത്മഹത്യയല്ല പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന് മനസ്സിലാക്കാൻ യുവതലമുറയ്ക്ക് സാധിക്കട്ടെ. പോരാടാനുള്ള മനസ്സുണ്ടെങ്കിൽ ഏത് തിരിച്ചടികളെയും വെല്ലുവിളിച്ച് മുന്നോട്ടു പോകാൻ കഴിയും.

Story Highlights health, suicide prevention day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top