റിമാൻഡ് ചെയ്ത മാവോയിസ്റ്റിന് കൊവിഡ്; ഡിവൈഎസ്പി അടക്കം 35 പേർ നിരീക്ഷണത്തിൽ

കോഴിക്കോട് സെഷൻസ് കോടതി റിമാൻഡ് ചെയ്ത മാവോയിസ്റ്റ് ഡാനിഷ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡാനിഷിനെ ചോദ്യം ചെയ്ത ഭീകര വിരുദ്ധ സ്‌ക്വാഡിലെ ഒരു ഡിവൈഎസ്പിയും രണ്ട് എസ്‌ഐമാരും ഉൾപ്പെടെ 35 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇതിനിടെ ജില്ലയിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ വീടുകളിൽ കൊവിഡ് ചികിത്സ സൗകര്യം ഏർപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
Read Also : രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് രോഗബാധിതർ
തൃശൂർ ഹൈട്ടെക്ക് സെക്യൂരിറ്റി സെല്ലിൽ നിന്ന് ചോദ്യം ചെയ്യാനായി ഭീകര വിരുദ്ധ സ്‌ക്വാഡ് ബുധനാഴ്ചയാണ് ഡാനിഷിനെ കോഴിക്കോട് എത്തിച്ചത്. ഇയാളെ തൃശൂരിൽ നിന്ന് കൊണ്ടുവരുമ്പോൾ കൊവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. ബുധനാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥീരീകരിച്ചത്. വെസ്റ്റ് ഹിൽ കൊവിഡ് കെയർ സെന്ററിലുള്ള ഡാനിഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് പ്രത്യേക സെല്ലിലേക്ക് മാറ്റും.
ഇതിനിടെ ജില്ലയിൽ കൊവിഡ് രോഗബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ രോഗികളെ വീടുകളിൽ തന്നെ നിർത്തിക്കൊണ്ടുള്ള ചികിത്സയ്ക്ക് തുടക്കമായി. രോഗലക്ഷണമില്ലാത്തവർക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവർക്കുമാണ് വീടുകളിൽ ചികിത്സ നൽകുക. നിലവിൽ 34 പേരാണ് വീടുകളിൽ കൊവിഡ് ചികിത്സയിലുള്ളത്. അതിനിടെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
Story Highlights – covid, maoist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here