4 കോടി രൂപ കടം വാങ്ങിയിട്ട് പറ്റിച്ചു; ചെന്നൈ വ്യവസായിക്കെതിരെ പരാതിയുമായി ഹർഭജൻ സിങ്

4 കോടി രൂപ കടം വാങ്ങി പറ്റിച്ചെന്ന പരാതിയുമായി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ചെന്നൈ വ്യവസായിക്കെതിരെയാണ് വെറ്ററൻ സ്പിന്നർ ചെന്നൈ പൊലീസിൽ പരാതി നൽകിയത്. വ്യവസായി മുൻകൂർ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
2015 ലാണ് താൻ ജി മഹേഷ് എന്ന വ്യവസായിയെ ആദ്യമായി പരിചയപ്പെടുന്നതെന്ന് ഹർഭജൻ പറയുന്നു. മറ്റൊരു സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് 4 കോടി രൂപ കടമായി നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പലതവണ മഹേഷിനെ ബന്ധപ്പെട്ടെങ്കിലും അയാൾ അവധി അനന്തമായി നീട്ടുകയായിരുന്നു. കഴിഞ്ഞ മാസം ഇയാൾ 25 ലക്ഷം രൂപയുടെ ചെക്ക് നൽകി. എന്നാൽ, അക്കൗണ്ടിൽ മതിയായ തുക ഇല്ലാത്തതിനാൽ ചെക്ക് മടങ്ങി. തുടർന്നാണ് ഹർഭജൻ പൊലീസിൽ പരാതി നൽകിയത്.
Read Also : റെയ്നക്ക് പിന്നാലെ ഹർഭജനും ഐപിഎലിൽ നിന്ന് പിന്മാറി
നീലങ്കര അസിസ്റ്റൻ്റ് കമ്മീഷണർ വിശ്വേശ്വരയ്യക്കാണ് അന്വേഷണ ചുമതല. മഹേഷിനെ അന്വേഷണവിധേയമായി പൊലീസ് ചോദ്യം ചെയ്തു. ഹർഭജന് കൊടുക്കാനുള്ള പണം മുഴുവൻ താൻ നൽകിയെന്നാണ് ഇയാൾ പറയുന്നത്.
നേരത്തെ, ഐപിഎല്ലിൽ നിന്ന് ഹർഭജൻ പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വെറ്ററൻ സ്പിന്നർ ഐപിഎലിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ ഹർഭജന് ആശങ്കയുണ്ടാക്കിയിരുന്നു. അദ്ദേഹം ചെപ്പോക്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്തിരുന്നില്ല. ഇടംകയ്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്നയും ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു.
Story Highlights – Harbhajan Singh duped of Rs 4 crore by Chennai businessman files complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here