അതിര്‍ത്തി സംഘര്‍ഷാവസ്ഥ; പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം

അതിര്‍ത്തി സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും, മൂന്ന് സേന മേധാവികളും പങ്കെടുത്തു. ഷാങ്ഹായ് സഹകരണ സമ്മേളനത്തിലുണ്ടായ ഇന്ത്യ-ചൈന ധാരണകള്‍ ചര്‍ച്ചയായി. സംയുക്ത സേന മേധാവി, പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായി. അതേസമയം, അതിര്‍ത്തി വിഷയം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്, മൂന്ന് സേന മേധാവികള്‍ എന്നിവര്‍ രണ്ട് മണിക്കൂറോളം അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ സുരക്ഷാ സ്ഥിതി അവലോകനം ചെയ്തു. ഷാങ്ഹായ് സഹകരണ സമ്മേളനത്തിലെ ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയും അഞ്ച് ധാരണകളും ചര്‍ച്ചയായി. സേന പിന്മാറ്റം വേഗത്തിലാക്കാനും, നയതന്ത്ര-സൈനികതലത്തില്‍ ചര്‍ച്ച തുടരാനും കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയിരുന്നു.

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനുമുള്ള നടപടികള്‍ക്കാണ് ധാരണയായത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും ധാരണയായി. അതിര്‍ത്തിയില്‍ ഇന്നും ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടന്നു. അതേസമയം, അരുണാചലില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം നാളെ ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. യുവാക്കളെ ചൈനയില്‍ കണ്ടെത്തിയെന്ന് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി കരസേനയെ അറിയിച്ചിരുന്നു.

Story Highlights Border tensions; High level meeting chaired by the Minister of Defense

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top