മന്ത്രി കെ.ടി. ജലീലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

മന്ത്രി കെ.ടി. ജലീലിന്റെ വളാഞ്ചേരിയിലുള്ള വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ബാരിക്കേഡുകള്‍ വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞിട്ടുണ്ട്. മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഒട്ടാകെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് യൂത്ത്‌കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നേറാന്‍ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചിരുന്നു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്തതിനാല്‍ പൊലീസ് ലാത്തി വീശിയിരുന്നു.

ഇന്ന് രാവിലെ കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തത്. രാവിലെ ഒന്‍പത് മണിമുതല്‍ 11 മണിവരെയായിരുന്നു ചോദ്യം ചെയ്യല്‍. പ്രാഥമികമായ ചോദ്യം ചെയ്യലാണ് നിലവില്‍ നടന്നതെന്നാണ് വിവരം. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് മേധാവിയും അറിയിച്ചു.

അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി. ജലീല്‍ രംഗത്തെത്തി. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി കെ.ടി. ജലീലിന്റെ രാജി ചോദിച്ചുവാങ്ങാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Story Highlights Youth Congress march to k.t. Jaleel’s house

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top