പെരിയ ഇരട്ടക്കൊലക്കേസ്; സർക്കാർ നടപടി പ്രതീക്ഷിച്ചിരുന്നതെന്ന് കുടുംബം

പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് എതിരെയുള്ള സർക്കാർ നടപടി പ്രതീക്ഷിച്ചിരുന്നതെന്ന് കുടുംബം. സുപ്രിംകോടതിൽ അപ്പീൽ നൽകിയ നടപടിക്കെതിരെ തടസ ഹർജി നൽകാനാണ് കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റെയും രക്ഷിതാക്കളുടെ തീരുമാനം.

ഓഗസ്റ്റ് 25 നാണ് പെരിയ ഇരട്ട കൊലപാതക കേസ് സിബിഐക്ക് കൈമാറി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ദിവസങ്ങൾ കഴിഞ്ഞിട്ടും കേസ് ഡയറി സിബിഐക്ക് കൈമാറാൻ പോലും ക്രൈംബ്രാഞ്ച് തയാറായില്ല. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് സർക്കാർ സിബിഐ അന്വേഷണത്തിനെതിരെ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്.

പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്നും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കിന് വിലയില്ലേ എന്നും ശരത്ത് ലാലിന്റെ പിതാവ് സത്യനാരായണൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. സർക്കാർ നടപടിക്കെതിരെ തടസ ഹർജി നൽകാനാണ് തീരുമാനം.

Read Also :പെരിയ കൊലപാതക കേസ് : സുപ്രിംകോടതിയിൽ അപ്പീൽ നൽകി സർക്കാർ

കേസിൽ ഉന്നത തലത്തിലുള്ളവർക്ക് പങ്കുണ്ടെന്നും സുപ്രിംകോടതിയിൽ നിയമപോരാട്ടം ശക്തമായി തുടരുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു. സർക്കാർ സുപ്രിംകോടതിയിൽ പോയെങ്കിൽ എ.കെ.ജി സെന്ററിൽ നിന്ന് പണം ചിലവഴിക്കണമെന്നാണ് വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലും കൃപേഷും കൊലപ്പെട്ട് ഒന്നര വർഷം കഴിയുമ്പോഴും അന്വേഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. സുപ്രിംകോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉയരാനാണ് സാധ്യത.

Story Highlights Periya twin murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top