‘ലോകം മുഴുവൻ ചുറ്റി വീട് കയറണം’; അതൊരു വാശിയാണ്’; പാലക്കാട്ടെ ‘വൈറൽ റൈഡർ’ പറയുന്നു

59 ദിവസത്തെ കശ്മീർ യാത്രയുടെ ഒന്നാം വാർഷികത്തിൽ യാത്രയോടുള്ള അടങ്ങാത്ത പ്രണയവും സ്വപ്‌നങ്ങളും പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ പാലക്കാട് കൽപാത്തി സ്വദേശിനി ലക്ഷ്മി. കൊറോണക്കാലമൊക്കെ കഴിഞ്ഞ് വീടും നാടുമൊക്കെ മാറ്റി നിർത്തി ലോകം ചുറ്റണമെന്നാണ് ലക്ഷ്മിയുടെ സ്വപ്‌നം. കശ്മീർ യാത്രയുടെ ഓർമകളും ലക്ഷ്മി പങ്കുവച്ചു.
കഴിഞ്ഞ വർഷം ജൂലൈ 27 മുതൽ സെപ്തംബർ 23 വരെയായിരുന്നു ലക്ഷ്മിയുടെ ഒറ്റക്കുള്ള ബൈക്ക് യാത്ര. ടിക്ക് ടോക്കിൽ നിന്നായിരുന്നു കശ്മീർ യാത്രയെന്ന ആശയം ലക്ഷ്മിക്ക് ലഭിക്കുന്നത്. മുത്തശ്ശിയുടെ മരണത്തോടെ മാനസികമായി തകർന്ന ലക്ഷ്മിക്ക് അതിൽ നിന്നൊക്കെയുള്ള ഒരു മോചനം കൂടിയായിരുന്നു യാത്ര. അച്ഛൻ പൂർണ പിന്തുണ നൽകുകയും ചെയ്തു.
മലപ്പുറംകാർ പൊളിയാണ്
റൈഡേഴ്‌സ് എന്ന് പറഞ്ഞാൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. റൈഡർ എന്ന നിലയിൽ മലപ്പുറംകാർ നൽകിയ പ്രത്യേക പരിഗണനയുണ്ട്. അത് മറ്റ് നാട്ടുകാരിൽ നിന്ന് ലഭിച്ചിട്ടില്ല. റൈഡേഴ്‌സ് എന്ന നിലയിൽ മലപ്പുറംകാർ തന്ന സ്വാതന്ത്യവും പേഴ്‌സണൽ സ്‌പേസുമാണ് യാത്രയെ മനോഹരമാക്കിയത്.
പെണ്ണിന് മുറിയില്ല
ശ്രീനഗറിൽ ഗ്രാസ് എന്ന സ്ഥലത്ത് ഞാനുൾപ്പെടെ മൂന്ന് പേരാണ് മുറിയെടുക്കാൻ പോയത്. ചുറ്റും മിലിറ്ററി, കടകൾ ഒന്നും തുറക്കാത്ത അവസ്ഥ, നെറ്റ്‌വർക്കില്ല, ആകെ ഒരു ലോക്ക് ഡൗൺ അവസ്ഥ. അങ്ങനെയുള്ള സ്ഥലത്ത് എത്തുമ്പോൾ ഹെൽമറ്റ് ഊരേണ്ടെന്ന് കൂടെയുള്ളവർ പറഞ്ഞു. പുരുഷന്മാർക്കൊപ്പം ഒരു സ്ത്രീയുണ്ടെന്നറിഞ്ഞാൽ മുറി നൽകാൻ അവിടെയുള്ളവർ മടിക്കും. അങ്ങനെ ഒരു അനുഭവം ഉണ്ടായി.
ഹൈദരാബാദിനും ബംഗളൂരുനും ഇടയിലുള്ള ഗ്രാമപ്രദേശമാണ് അർണൂർ. മഴകാരണം ഓയോ വഴി അവിടെ മുറിയെടുക്കേണ്ട സാഹചര്യം വന്നു. മുറിയെടുക്കാൻ ചെന്നപ്പോൾ അവർ പറഞ്ഞത്, കുറച്ച് ദിവസം മുൻപ് ഇവിടെ പീഡനം നടന്നു, അതുകൊണ്ട് പെൺകുട്ടികൾക്ക് മുറി തരില്ലെന്നാണ്.
ഏറ്റവും മോശം പ്രധാനമന്ത്രിയുടെ ഗുജറാത്ത്
യാത്രയിൽ എറ്റവും മോശമായി തോന്നിയത് പ്രധാനമന്ത്രിയുടെ ഗുജറാത്താണ്. അവിടെ റോഡ് ഒക്കെ മനോഹരമാണ്. പക്ഷേ അവിടെ കയറി ചെല്ലുന്ന ചായ കടയിൽ മഴ നനയാതിരിക്കാൻ സൗകര്യമില്ല. മിക്കയിടങ്ങളിലും ഇതാണ് അവസ്ഥ. ടോയ്‌ലറ്റ് പോലും ഇല്ലാത്ത സാഹചര്യത്തിലാണ് അവിടെയുള്ളവരുടെ ജീവിതം.
വിശപ്പ് കൂടുമ്പോഴാണ് ഭക്ഷണത്തിന് രുചി
യാത്രയുടെ ഇടയ്ക്ക് ഒരു സ്ഥലത്ത് ഒറ്റപ്പെട്ടു. നോക്കുമ്പോൾ കൈയിൽ കഴിക്കാൻ ഒന്നും ഇല്ല. വെള്ളം മാത്രം. ഇതിനിടെയാണ് ഒരു പെട്ടിക്കട കാണുന്നത്. അവിടെ ഒരു മുത്തശ്ശി മാഗി ഉണ്ടാക്കുന്നത് കണ്ടു. പൊതുവേ മാഗി എനിക്ക് ഇഷ്ടമല്ല. പക്ഷേ ആ മുത്തശ്ശി ഉണ്ടാക്കി തന്നെ മാഗിക്ക് വളരെ രുചിയായിരുന്നു. അതായിരുന്നു ഞാൻ ആസ്വദിച്ച് കഴിഞ്ഞ ഭക്ഷണം.
അഞ്ച് ഭൂഖണ്ഡം, അഞ്ച് രാജ്യം, അഞ്ച് സംസ്ഥാനം, വേൾഡ് ടൂർ സ്വപ്നം
ലോക യാത്ര ലക്ഷ്യമാണ്. അഞ്ച് ഭൂഖണ്ഡം, അഞ്ച് രാജ്യം, അഞ്ച് സംസ്ഥാനം ചുറ്റിയുള്ള യാത്ര മനസിലുണ്ട്. രണ്ട് വർഷത്തെ അവധിയെടുത്ത് വീടും നാടും മാറ്റി നിർത്തി ലോകം ചുറ്റണം. ലോകം മുഴുവൻ ചുറ്റി വീട് കയറണമെന്നത് ഒരു വാശിയാണ്.
Story Highlights – Viral rider, Lakshmi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here