അന്വേഷണ സംഘത്തെ ദുര്‍ബോധനപ്പെടുത്താന്‍ ശ്രമം നടക്കുന്നു; പഴയ അനുഭവം പങ്കുവെച്ച് മുഖ്യമന്ത്രി

അന്വേഷണ ഏജന്‍സികളെ ദുര്‍ബോധനപ്പെടുത്താന്‍ ചിലര്‍ കള്ളക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതി ലഭിച്ചാല്‍ സ്വാഭാവികമായും അവര്‍ അന്വേഷിക്കാന്‍ വിളിക്കുമല്ലോ. ഇതാണ് നാട്ടില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യം ചെയ്യലിന്റെ പേരില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ല. ജലീലിനെതിരെ ലഭിച്ച പരാതികള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുകയാണ്. ഖുര്‍ആനുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ഏജന്‍സിക്ക് ലഭിച്ചു. ഇതില്‍ ജലീലിനോട് അന്വേഷണ ഏജന്‍സി വിവരങ്ങള്‍ തേടി. ഇതില്‍ മറ്റു വലിയ കാര്യമില്ല. സക്കാത്ത് നല്‍കലും മതഗ്രന്ഥം വിതരണം ചെയ്യുന്നതും കുറ്റകരമല്ല. അന്വേഷണത്തിന്റെ ഭാഗമായി ആരും രാജിവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാതി ലഭിച്ചാല്‍ അന്വേഷിക്കുകയെന്നതു അന്വേഷണ ഏജന്‍സിയുടെ ബാധ്യതയാണ്. സര്‍ക്കാരിനെതിരെ ബോധപൂര്‍വം അപവാദം പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. മന്ത്രി ഇ.പി.ജയരാജന്റെ കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലും ഈ ശ്രമമാണ്. നമ്മുടെ നാട്ടില്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കല്‍ ഒരു തൊഴിലായി സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഒട്ടേറെ കാര്യങ്ങള്‍ വരുന്നുണ്ട്. ജയരാജന്റെ കാര്യത്തില്‍ ഇന്നത്തെ ഒരു പ്രാധന വാര്‍ത്തയായി കാണാന്‍ കഴിഞ്ഞത് മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീന്‍ ലംഘിച്ചെത്തി ലോക്കര്‍ തുറന്നു. അടിയന്തര ഇടപാടില്‍ അന്വേഷണം എന്നാണ്. ഏത് അന്വേഷണമാണ്. സാധാരണഗതിയില്‍ ഇന്നത്തെ കാലത്ത് ഒരു ബാങ്കിലെ സീനിയര്‍ മാനേജരായി റിട്ടയര്‍ ചെയ്ത സ്ത്രീക്ക് ആ ബാങ്കില്‍ അവരുടെ വകയായി ഒരു ലോക്കര്‍ ഉണ്ടായിരുന്നുവെന്നത് ആശ്ചര്യമുള്ള കാര്യമല്ല. ഇത് ഒരു സാധാരണ സംഭവമല്ലേ. എന്ത് പരാതിയാണ് അതിലുള്ളത്. ബോധപൂര്‍വം അപവാദം പ്രചരിപ്പിക്കാന്‍ ഇല്ലാക്കഥകള്‍ കെട്ടിചമയ്ക്കുകയാണ്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ദിര ബാങ്കില്‍ എത്തി ലോക്കര്‍ തുറന്നതെന്ന് പറയുന്നു. ഏത് ഏജന്‍സിയാണ് അന്വേഷണം ആരംഭിച്ചത്. എന്താണ് നാട്ടില്‍ നടക്കുന്നത്. നാട്ടില്‍ അന്വേഷണ ഏജന്‍സികളെ ദുര്‍ബോധനപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. പരാതികള്‍ ചെല്ലുമ്പോള്‍ ആ പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ സ്വാഭാവികമായും അന്വേഷണ ഏജന്‍സി നിര്‍ബന്ധമാകും. വേറാരുടെയും ഉദാഹരണം ഇക്കാര്യത്തില്‍ പറയേണ്ടതില്ല. എന്റെ അനുഭവം പറയാം. നേരത്തെ എനിക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ കെട്ടിചമച്ചിരുന്നല്ലോ. നാട്ടിലുള്ള സ്വത്ത് മുഴുവന്‍ എന്റെതാണെന്നും. ഏത് നല്ലവീട് കണ്ടാലും അത് എന്റേതാണെന്നും പ്രചരിപ്പിച്ച് നടന്ന ഒരു കാലം ഉണ്ടായിരുന്നല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top