Advertisement

കോന്നി സർക്കാർ മെഡിക്കൽ കോളജ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

September 14, 2020
Google News 1 minute Read

പത്തനംതിട്ട കോന്നിയിലെ സർക്കാർ മെഡിക്കൽ കോളജ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വിഡിയോ കോൺഫറൻസ് വഴിയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. അതേസമയം, ചടങ്ങിൽ പ്രാതിനിധ്യം കുറഞ്ഞെന്നാരോപിച്ച് യുഡിഎഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു.

രാഷ്ട്രീയ അവകാശ തർക്കങ്ങൾക്കൊടുവിലാണ് കോന്നി മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ ജനറൽ ഒപി വിഭാഗം മാത്രം. ഡോക്ടർമാരടക്കം 108 ജീവനക്കാരെയും നിയമിച്ചു. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. നാലരവർഷം കൊണ്ട് അരോഗ്യ മേഖലയിലുണ്ടായ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു ആരോഗ്യ മന്ത്രിയുടെ അധ്യക്ഷ പ്രസംഗം.

2014 ലാണ് ആശുപത്രിയുടെ നിർമാണം തുടങ്ങിയത്. അടൂർ പ്രകാശ് എംഎൽഎ ആയിരുന്നപ്പോൾ തുടങ്ങിയ പദ്ധതിയുടെ അവകാശവാദം എൽഡിഎഫ് ഏറ്റെടുക്കുകയാണെന്നും യുഡിഎഫിന് വേണ്ട പരിഗണന നൽകിയില്ലെന്നും ആരോപിച്ച് യുഡിഎഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു. മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്യുമ്പോൾ ആഹ്ലാദമെന്നാണ് അടൂർ പ്രകാശിന്റെ പ്രതികരണം.

ആശുപത്രി പ്രവർത്തനം തുടങ്ങുന്നതോടെ അടുത്ത മാസം മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തിനായി അപേക്ഷ നൽകും. 50 കുട്ടികാൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രവേശനമുണ്ടാകുക. മെഡിക്കൽ കോളജിന്റെ രണ്ടാം ഘട്ട നിർമാണത്തിനുള്ള അനുമതിക്കായി നടപടികൾ പുരോഗമിക്കുകയാണ്. തെക്കൻ കേരളത്തിലെ മലയോര മേഖലയ്ക്ക് ആശ്വാസമാവുകയാണ് സംസ്ഥാനത്തെ മുപ്പത്തിമൂന്നാമത്തെ മെഡിക്കൽ കോളജ്.

Story Highlights CM hands over government medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here