വ്യാപന നിരക്ക് വളരെ കൂടുതലുള്ള കൊവിഡ് വൈറസിന്റെ സാന്നിധ്യമാണ് സംസ്ഥാനത്തുള്ളത്: മുഖ്യമന്ത്രി

covid

വ്യാപന നിരക്ക് വളരെ കൂടുതലുള്ള കൊവിഡ് വൈറസിന്റെ സാന്നിധ്യമാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎസ്‌ഐആറിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്ക് ആന്‍ഡ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ വടക്കന്‍ ജില്ലകളിലെ രോഗികളില്‍ ജനിതക പഠനം നടത്തിയിരുന്നു. സംസ്ഥാനത്ത് വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യമാണ് അതില്‍ കണ്ടെത്തിയതെന്ന് വിദഗ്ധര്‍ പറയുന്നു. രോഗം പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രായാധിക്യമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ മരണ നിരക്ക് കൂടാന്‍ സാധ്യതയുണ്ട്. ഈ പഠനത്തിന്റെ വെളിച്ചത്തില്‍ ബ്രേക്ക് ചെയിന്‍ കൂടുതല്‍ കര്‍ശനവും കാര്യക്ഷമമാക്കണം. ഈ പഠനം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സമ്പൂര്‍ണ ലോക്ക്ഡൗണില്‍നിന്നും രാജ്യം ഘട്ടംഘട്ടമായി പൂര്‍ണ സജീവതയിലേക്കു വരികയാണ്. നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പഴയതോതിലില്ല. ഓടുന്നവയില്‍ മിക്കതിലും യാത്രക്കാരുടെ ബാഹുല്യവുമില്ല. എന്നാല്‍, വരുന്ന ദിവസങ്ങളില്‍ ആ സ്ഥിതി മാറും. എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ഇന്നുള്ളതിനേക്കാള്‍ രോഗവ്യാപന തോത് വര്‍ധിക്കും എന്നു തന്നെയാണ് കണക്കാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. കര്‍ണാടകത്തില്‍ 99,222 ആക്ടീവ് കേസുകളാണുള്ളത്. മരണസംഖ്യ 7225. തമിഴ്‌നാട്ടില്‍ 8381 പേര്‍ മരണമടഞ്ഞു. ഇപ്പോഴുള്ള കേസുകളുടെ എണ്ണം 47,012 ആണ്. മഹാരാഷ്ട്രയില്‍ 2.9 ലക്ഷം കേസുകളാണുള്ളത്. മരണമടഞ്ഞത് 29,531 പേരാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് നമ്മുടെ നാട്ടിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹ്രസ്വ സന്ദര്‍ശനത്തിനുള്‍പ്പെടെ എത്തുന്നത് എന്നതും ഓര്‍ക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top