സ്വർണക്കടത്ത് കേസ് ലോക് സഭയിൽ; ഒരു പ്രതിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്ന് ധനമന്ത്രാലയം

സ്വർണക്കടത്ത് കേസ് ലോക് സഭയിൽ. പ്രതികൾക്ക് ഉന്നത ബന്ധമെന്ന് കേന്ദ്ര ധന മന്ത്രാലയം. ഒരു പ്രതിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും ധനമന്ത്രാലയം ലോക്‌സഭയെ അറിയിച്ചു.
എംപിമാരായ ആന്റോ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ് എന്നിവരുടെ ചോദ്യങ്ങൾക്ക് രേഖാമൂലം കേന്ദ്ര ധന സഹമന്ത്രി അനുരാഗ് സിംഗ് ടാക്കൂറാണ് മറുപടി നൽകിയത്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണമുണ്ടെന്ന സംശയമുയർന്നതിനെ തുടർന്ന് കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങിയ ശേഷമാണ് ബാഗ് തുറന്നത്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസും എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടരുകയാണ്. ഒരു പ്രതിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും, എന്നാലത് അന്വേഷണത്തെ ബാധിക്കില്ലെന്നും ധന സഹമന്ത്രി ലോക്‌സഭയെ അറിയിച്ചു.
കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. നയതന്ത്ര ബാഗ് അല്ലെന്നായിരുന്നു വി. മുരളീധരന്റെ നിലപാട്. എന്നാൽ, ആ വാദമാണ് ധനമന്ത്രാലയം തിരുത്തിയത്. ഈവർഷം ഓഗസ്റ്റ് മാസം വരെ 49.5 കോടി രൂപ വില മതിക്കുന്ന സ്വർണം പിടിച്ചുവെന്നും 200 പേർക്കെതിരെ കേസെടുത്തെന്നും ധനമന്ത്രാലയം അറിയിച്ചു.
അതേസമയം, ഇന്ത്യാ- ചൈന അതിർത്തി വിഷയം ഉന്നയിച്ച് സഭയിൽ പ്രതിപക്ഷം ബഹളമുണ്ടാക്കി. കോൺഗ്രസാണ് സഭയിൽ വിഷയം ഉന്നയിച്ചത്. അതിർത്തി വിഷയത്തിലെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി.
ഡൽഹി കലാപ കേസിലെ കുറ്റപത്രത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പേര് ഉൾപ്പെടുത്തിയത് സംബന്ധിച്ച അടിയന്തിര പ്രമേയ നോട്ടീസുകളും തള്ളി. എല്ലാ വിഷയങ്ങളിലും സഭയിൽ ചർച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, സമ്മേളനത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും. അതിർത്തിയിൽ പുതിയ സാഹചര്യങ്ങൾ നിലനിൽക്കെ എല്ലാവരും ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്നും സമ്മേളനത്തിന് മുൻപേ മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി പ്രതികരിച്ചു.
Story Highlights – Gold smuggling case in loksabha,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here