ബിസിസിഐ ഇടഞ്ഞു തന്നെ; ഐപിഎൽ കമന്ററി ബോക്സിൽ ഇക്കുറി മഞ്ജരേക്കർ ഉണ്ടാവില്ല

Sanjay Manjrekar ipl commentary

ഐപിഎൽ കമന്ററി ബോക്സിൽ ഇക്കുറി സഞ്ജയ് മഞ്ജരേക്കർ ഉണ്ടാവില്ല. ഇംഗ്ലീഷ്, ഹിന്ദി കമൻ്ററി പാനൽ അംഗങ്ങളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുൻ ഇന്ത്യൻ താരം കൂടിയായ മഞ്ജരേക്കറെ ഒഴിവാക്കിയതായി തെളിഞ്ഞത്. വിലക്ക് നീക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും ബിസിസിഐ മഞ്ജരേക്കറെ ഒഴിവാക്കി പട്ടിക പ്രഖ്യാപിക്കുകയായിരുന്നു.

Read Also : ബിസിസിഐ കമന്ററി പാനലിൽ നിന്ന് പുറത്താക്കിയ സംഭവം: മഞ്ജരേക്കറെ ട്രോളി ചെന്നൈ സൂപ്പർ കിംഗ്സ്

ഇംഗ്ലിഷിൽ സുനിൽ ഗാവസ്കർ, ഹർഷ ഭോഗ്‍ലെ, കുമാർ സങ്കക്കാര, ഇയാൻ ബിഷപ്, ലിസ സ്തലേക്കർ, ഡാനി മോറിസണ്‍ തുടങ്ങിയവർ കമൻ്ററി ബോക്സിലുണ്ടാവും. ഇര്‍ഫാൻ പഠാൻ, ആശിഷ് നെഹ്റ, ജതിൻ സപ്രു, നിഖിൽ ചോപ്ര, സഞ്ജയ് ബംഗാർ തുടങ്ങിയവർ ഹിന്ദിയിലും കളി പറയും. 2008ൽ ഐപിഎല്ലിന്റെ തുടക്കം മുതൽ കമന്റേറ്ററായിരുന്നു മഞ്ജരേക്കർ.

ക്രിക്കറ്റ് നിരീക്ഷകനും കമൻ്റേറ്ററുമായ ഹർഷ ഭോഗ്‌ലെ, ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കമൻ്ററി പാനലിൽ നിന്ന് മഞ്ജരേക്കറെ ഒഴിവാക്കുന്നതിലേക്ക് ബിസിസിഐയെ നയിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരക്ക് മുന്നോടി ആയാണ് മഞ്ജരേക്കറെ കമൻ്ററി പാനലിൽ നിന്ന് ബിസിസിഐ നീക്കിയത്. തുടർന്ന് മഞ്ജരേക്കർ ജഡേജയോടും ഭോഗ്‌ലെയോടും മാപ്പ് അപേക്ഷിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു.

Read Also : മാപ്പ്; ഇനി എല്ലാം ബിസിസിഐ പറയും പോലെ: കമന്ററി ഡ്യൂട്ടിയിൽ തിരികെ എടുക്കണമെന്ന ആവശ്യവുമായി മഞ്ജരേക്കർ

ഇതിനു ശേഷം അദ്ദേഹം വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐക്ക് രണ്ട് തവണ മെയിൽ അയച്ചു. ഐപിഎൽ 13ആം സീസണിലെ കമൻ്ററി പാനലിൽ തന്നെ ഉൾപ്പെടുത്തണമെന്നായിരുന്നു മഞ്ജരേക്കറുടെ അഭ്യർത്ഥന. ബിസിസിഐയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാമെന്നും കഴിഞ്ഞ് പോയതിൽ മാപ്പ് നൽകണമെന്നും മഞ്ജരേക്കർ പറഞ്ഞു.

സെപ്തംബർ 19നാണ് ഇക്കൊല്ലത്തെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.

Story Highlights Sanjay Manjrekar excluded from ipl commentary panel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top