ദിലീപ് സാക്ഷിയെ കൂറുമാറാൻ പ്രേരിപ്പിച്ചു; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; മുകേഷും ഹാജരായി

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി വിചാരണക്കോടതി പരിഗണിക്കുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്റെ ആക്ഷേപം. കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. കൊച്ചിയിലെ വിചാരണക്കോടതിയിലാണ് വാദം നടക്കുന്നത്.
കേസിൽ നേരത്തെ ഒന്നുരണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രധാന സാക്ഷിയെ കൂടി ദിലീപ് സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നാണ് അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ടെന്നിസ് ക്ലബിലെ ജീവനക്കാരനെ കൂറുമാറ്റാൻ ദിലീപ് ശ്രമിച്ചു. അങ്ങനെയെങ്കിൽ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു.
കേസിൽ നടനും എംഎൽഎയുമായ മുകേഷ് ഹാജരായിട്ടുണ്ട്. ദിലീപിനെ പൾസർ സുനിയിലേക്ക് എത്തിച്ചത് മുകേഷാണ്. മുകേഷിന്റെ ഡ്രൈവറായിരുന്നു പൾസർ സുനി. അങ്ങനെയാണ് പൾസർ സുനി ദിലീപുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാകും മുകേഷിനോട് ചോദിക്കുക.
പ്രോസിക്യൂഷൻ വിസ്താരമാണ് ഇന്ന് നടക്കുന്നത്. മറ്റ് സാക്ഷികളുടെ വിസ്താരം 17ന് നടക്കും. കേസിൽ 302 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയാക്കണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
Story Highlights – dileep mukesh kochi actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here