ഗര്‍ഭിണികള്‍ റൂം ക്വാറന്റീന്‍ കര്‍ശനമായും പാലിക്കണം: തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Pregnant women

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സമ്പര്‍ക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കര്‍ശനമായും റൂം ക്വാറന്റീന്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എസ്. ഷിനു അറിയിച്ചു. ഇവര്‍ വായുസഞ്ചാരവും ശുചിമുറി സൗകര്യവുമുള്ള മുറിയില്‍തന്നെ കഴിയണം. പുറത്തുപോയി വരുന്നവരുമായി ഒരുകാരണവശാലും നേരിട്ടുള്ള സമ്പര്‍ക്കം പുലര്‍ത്തരുത്.

ഗര്‍ഭിണിയെ പരിചരിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ബന്ധുക്കളുടെ സന്ദര്‍ശനം കര്‍ശനമായും ഒഴിവാക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നത് പൂര്‍ണമായും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. ലഘുവ്യായാമങ്ങള്‍ മുറിക്കുള്ളില്‍ തന്നെ ചെയ്യുക. പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താവൂ. ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ച ശേഷം അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം.

കൊവിഡ് രോഗബാധിതരായ ഗര്‍ഭിണികള്‍ക്കായി ജില്ലയില്‍ പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാണ്. ഏഴുമാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക് ചികിത്സയ്ക്കായി പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയിലും ഏഴു മാസം മുതല്‍ പ്രസവം വരെ പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും സൗകര്യമൊരിക്കിയിട്ടുണ്ട്. അനുബന്ധ രോഗബാധിതരായവര്‍ക്ക് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും സൗകര്യമുണ്ട്.

കൊവിഡ് രോഗികളല്ലാത്ത ഗര്‍ഭിണികള്‍ക്ക് നിലവില്‍ ജില്ലയില്‍ ലഭ്യമായിട്ടുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാം. കണ്ടെയിന്‍മെന്റ് സോണില്‍ താമസിക്കുന്നവരും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമായ ഗര്‍ഭിണികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കൊവിഡ് പരിശോധന നടത്തിയശേഷം മാത്രമേ ആശുപത്രിയില്‍പോകാന്‍ പാടുള്ളുവെന്നും അറിയിപ്പില്‍ പറയുന്നു.

Story Highlights Pregnant women, room quarantine, Thiruvananthapuram District Medical Officer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top