ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; ഹർജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്റെ ആക്ഷേപം. കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ അഭിഭാഷകൻ വഴി ദിലീപ് ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം.ദിലീപിന് എതിരായ മൊഴി നൽകിയ ചില സാക്ഷികൾ കോടതിയിൽ മൊഴിമാറ്റിയിരുന്നു. പിന്നാലെ ഒരു പ്രധാന സാക്ഷിയും മൊഴി മാറ്റിയതോടെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.തൃശൂർ ടെന്നീസ് ക്ലബിൽ വച്ച് ദിലീപും പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നൽകിയ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിക്ക് നടൻ ദിലീപുമായി അടുപ്പമുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷൻ ആശ്രയിക്കുന്ന നിർണായക സാക്ഷിയാണ് ഇദ്ദേഹം.

Read Also :ദൃശ്യങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് അപൂർണം; നടിയെ ആക്രമിച്ച കേസിൽ വീണ്ടും ഹർജി നൽകി ദിലീപ്

സാക്ഷിയെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമമുണ്ടെന്ന് നേരത്തെ അരോപണം ഉയർന്നിരുന്നു. കേസിൽ ഉപാധികളോടെയായിരുന്നു ദിലീപിന് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യവ്യവസ്ഥയിലെ നിബന്ധനകൾ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

Story Highlights Dileep, Actress attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top