‘എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തെ കുറിച്ച് അറിയില്ല’; വിശദീകരിച്ച് കിഫ്ബി സിഇഒ

കിഫ്ബിക്കെതിരായി എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നുവെന്ന കേന്ദ്രസർക്കാർ വാദത്തിൽ വിശദീകരണവുമായി സിഇഒ കെ എം എബ്രഹാം. എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തെ കുറിച്ച് അറിയില്ല. അന്വേഷണം സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് ലഭിച്ചിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും കെ എം എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.

Read Also : കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നുവെന്ന് കേന്ദ്രസർക്കാർ

എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന്റെ പശ്ചാത്തലം എന്താണെന്ന് അറിയില്ല. കിഫ്ബിയിൽ ലാഭം അല്ലാതെ നഷ്ടമുണ്ടായിട്ടില്ല. മികച്ച ക്രെഡിറ്റ് റേറ്റിംഗുള്ള ബാങ്കായിരുന്നു യെസ് ബാങ്ക്. അവിടെ പണം നിക്ഷേപിച്ചത് റേറ്റിംഗ് ഉള്ള സമയത്തായിരുന്നു. 250 കോടി യെസ് ബാങ്കിൽ നിക്ഷേപിച്ചെന്നാണ് പരാതി. ഏഴ് തവണയായി ആകെ 832.21 കോടിയുടെ നിക്ഷേപം നടത്തി. റേറ്റിംഗ് ഇടിഞ്ഞതിനാൽ തുടർ നിക്ഷേപം നടത്തിയില്ല. 2019 ൽ നിക്ഷേപം മറ്റ് ബാങ്കികളിലേക്ക് മാറ്റി. നിക്ഷേപം പിൻവലിച്ചത് ഉചിതമായ സമയത്താണെന്നും കെ എം എബ്രഹാം കൂട്ടിച്ചേർത്തു.

കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുവെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിലാണ് അറിയിച്ചത്. 250 കോടിയുടെ നിക്ഷേപ ക്രമക്കേട് ആരോപിച്ച് കിഫ്ബിക്കെതിരെയും ഐആർഡിഎഐ മുൻ ചെയർപേഴ്‌സണെതിരെയും പരാതി ലഭിച്ചിട്ടുണ്ടോ എന്ന സമാജ്വാദി പാർട്ടി എം.പി ജാവേദ് അലി ഖാന്റെ ചോദ്യത്തിനാണ് ധനമന്ത്രാലയത്തിന്റെ മറുപടി. പരാതിയിൽ അന്വേഷണം തുടങ്ങിയെന്നും, കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായി ധനമന്ത്രാലയത്തിന്റെ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

Story Highlights KIFBI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top