Advertisement

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശത്തിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോൾ…

September 17, 2020
Google News 1 minute Read

നിയമസഭാ പ്രവേശത്തിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോഴും ഉമ്മൻ ചാണ്ടിയുടെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കേരളം മറ്റൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ, ഇനിയൊമൊരങ്കത്തിന് ഉമ്മൻ ചാണ്ടി കളത്തിലിറങ്ങുമോയെന്ന ചോദ്യത്തിൽ ചുറ്റിത്തിരിയുകയാണ് യുഡിഎഫ് രാഷ്ട്രീയം.

രാഷ്ട്രീയക്കാരുടെ ഒസി, പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, കേരളത്തിന്റെ ഉമ്മൻ ചാണ്ടി. കഴിഞ്ഞ 5 പതിറ്റാണ്ട് കൊണ്ട് രൂപപ്പെട്ട ഈ മൂന്ന് വിശേഷണങ്ങളിൽ ഉമ്മൻ ചാണ്ടിയെന്ന നേതാവിനെ വായിച്ചെടുക്കാം. അതിജീവന കലയുടെ ആചാര്യനെന്ന് വിളിച്ചവർ, ജനകീയതയുടെ പകർപ്പുകളില്ലാത്ത പ്രതിനിധിയെന്നെ് വിലയിരുത്തുന്നവർ, നയചാതുരിയുടെ പര്യായയമായി കണ്ടവർ, ഇങ്ങനെയെല്ലാമാണ് രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി. 1970 സെപ്റ്റംബറിൽ അന്ന് 26 വയുസുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് പുതുപ്പള്ളിയിൽ ജയിച്ച് കയറിയത് കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്കായിരുന്നു. വർഷങ്ങൾക്കിപ്പുറം രണ്ടാം തവണ വെറും രണ്ട് സീറ്റിന്റെ ബലത്തിൽ അധികാരമേറ്റ ഉമ്മൻ ചാണ്ടി മന്ത്രിസഭ അഞ്ചാണ്ട് തികച്ചത് അമരക്കാരന്റെ നയതന്ത്ര മികവ് ഒന്നുകൊണ്ട് മാത്രമാണ്.

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ രണ്ട് വലിയ റെക്കോർഡുകൾ അധികമകലെയല്ലാത്ത രണ്ട് മണ്ഡലങ്ങളാണ് പാലായും പുതുപ്പള്ളിയും. ഒരേ മണ്ഡലത്തിൽ നിന്ന് 13 തവണ ജയിച്ച കെ.എം മാണിയും, 11 തവണ ജയിച്ച ഉമ്മൻ ചാണ്ടിയും. ഏത് പ്രതിസന്ധിയുടെ കാലത്തും പുതുപ്പള്ളി ഉമ്മൻചാണ്ടിയെ കൈവിട്ടില്ല. കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാവ്, ആന്റണി ഗ്രൂപ്പ് മാനേജർ, മന്ത്രി, യുഡിഎഫ് കൺവീനർ, ഒടുവിൽ ആന്റണിക്ക് പകരക്കാരനായി മുഖ്യമന്ത്രി, പിന്നെ പ്രതിപക്ഷ നേതാവ്, 2011ൽ വീണ്ടും മുഖ്യമന്ത്രി അങ്ങനെ നീളുന്നു ഉമ്മൻ ചാണ്ടിയുടെ രാഷ്ട്ട്രീയ സപര്യ.

കോൺഗ്രസിലങ്ങനെ പലതലമുറകളുടെ നേതാവായി ഉമ്മൻ ചാണ്ടി. രാഷ്ട്രീയത്തിലെ ഉമ്മൻ ചാണ്ടി ശൈലി യഥാർഥത്തിൽ വിമർശാനാത്മകവുമാണ്. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ ജനകീയത എതിരാളിക്ക് പോലും അംഗീകരിക്കേണ്ടി വരും. അധികാരത്തിലിരിക്കെ ജനസമ്പർക്ക പരിപാടിയിലൂടെ 12 ലക്ഷം പരാതികൾ നേരിട്ട് കേട്ട് തീർപ്പാക്കിയ മുഖ്യമന്ത്രി. വിമർശനങ്ങൾക്കിടയിലും അനേകം മനുഷ്യർ നിരയായി തിങ്ങിനിറഞ്ഞെത്തിയപ്പോൾ പരിഹാരത്തിന് ഇടവേളയിട്ടില്ല ഉമ്മൻ ചാണ്ടി. അധികാരപദങ്ങളിൽ അങ്ങനെയൊരു ഒസി മാജിക്കുണ്ട്. അതങ്ങനെ എളുപ്പത്തിൽ അവഗണിച്ച് തള്ളാനാകില്ല. ഇനി ഉമ്മൻ ചാണ്ടി ഇതുവരെ ഇരിക്കാത്ത ഒരു പ്രധാന കസേരയെപ്പറ്റിക്കൂടി പറയാം. അത് കെപിസിസി പ്രസിഡന്റ് പദവിയാണ്.

എന്നാൽ, കേരളത്തിലെ കോൺഗ്രസിന്റെ ആസ്ഥാനം ഉമ്മൻ ചാണ്ടിക്ക് ചുറ്റും കറങ്ങിയതിന് കണക്കില്ല. ഇപ്പോഴും കോൺഗ്രസിനെ നയിക്കാൻ വീണ്ടും ഒസിയെത്തുമോയെന്ന ചോദ്യത്തെ നിലനിർത്താൻ കഴിയുന്ന നേതാവ്.

Story Highlights umman chandi, 50 at assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here