കാർഷിക ബില്ലിൽ പ്രതിഷേധം ശക്തം; ജെജെപിയും രംഗത്ത്

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകളിൽ പ്രതിഷേധവുമായി കൂടുതൽ സഖ്യകക്ഷികൾ. കർഷക പ്രതിഷേധം കനത്തതോടെ ഹരിയാനയിലെ എൻഡിഎ സഖ്യകക്ഷിയായ ജെജെപിക്ക് മേൽ സമ്മർദമേറി. മറ്റൊരു സഖ്യകക്ഷി ശിരോമണി അകാലി ദൾ ഇന്നലെ കേന്ദ്രമന്ത്രിയെ പിൻവലിച്ചിരുന്നു.
എന്നാൽ, കർഷകർ നരേന്ദ്രമോദിക്കൊപ്പമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു. പഞ്ചാബിൽ മൂന്ന് ദിവസത്തെ ട്രെയിൻ തടയൽ സമരം കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രഖ്യാപിച്ചു.
Read Also : കാർഷിക ബില്ലുകൾ പാസാക്കി ലോക്‌സഭ; എതിർപ്പുമായി പ്രതിപക്ഷം
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾ ഇന്നലെ ലോക്‌സഭയിൽ പാസാക്കിയതോടെ പഞ്ചാബിലും ഹരിയാനയിലും കർഷകസമരം ശക്തമായിരുന്നു. രാവിലെ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി. ജെജെപിയിലെ നേതൃതലത്തിലും ചർച്ച തുടരുകയാണ്.
കർഷക സമരത്തെ അവഗണിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന വികാരം മുതിർന്ന നേതാക്കൾ പങ്കുവച്ചുവന്നാണ് സൂചന. ഇന്നലെ എൻഡിഎ സഖ്യകക്ഷിയായ അകാലി ദൾ ലോക്‌സഭയിൽ കാർഷിക ബില്ലുകളെ എതിർത്തിരുന്നു.
ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ കാർഷിക ബില്ലുകൾ കൊണ്ടുവന്ന നടപടി ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം ആരോപിച്ചു.
അതേസമയം, പഞ്ചാബിൽ ഈ മാസം 24 മുതൽ 26 വരെ ട്രെയിൻ തടയൽ സമരം കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രഖ്യാപിച്ചു. ജനവികാരം തിരിച്ചറിയുന്നുണ്ടെങ്കിൽ അകാലി ദൾ, പാർലമെന്റ് ഘരാവോ സംഘടിപ്പിക്കാൻ തയാറാകണമെന്ന് കർഷക സമര സമിതി ആവശ്യപ്പെട്ടു.
Story Highlights – jjp opposing agriculture bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here