ഐപിഎലിനു നാളെ കൊടിയേറ്റം; ആദ്യ മത്സരം എൽ ക്ലാസിക്കോ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 13ആം എഡിഷന് നാളെ തുടക്കം. കൊവിഡ് പശ്ചാത്തലത്തിൽ യുഎയിലാണ് മത്സരങ്ങൾ നടക്കുക. ഐപിഎലിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ‘മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിംഗ്സ്’ മത്സരത്തോടെയാണ് 13ആം സീസണ് അരങ്ങുണരുക. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും നാലു തവണ ഏറ്റുമുട്ടിയപ്പോൾ ഫൈനലിൽ അടക്കം മുംബൈക്കായിരുന്നു ജയം. ആ നാണക്കേട് തിരുത്തിയെഴുതാനാവും ചെന്നൈ ഇറങ്ങുക.
Read Also : യുഎഇയിൽ കളിച്ച എല്ലാ മത്സരങ്ങളിലും പരാജയം; മുംബൈ ഇന്ത്യൻസിനുള്ളത് നാണക്കേടിന്റെ റെക്കോർഡ്
കുട്ടി ക്രിക്കറ്റ് പൂരം മാർച്ച് 29നാണ് തീരുമാനിച്ചിരുന്നത്. കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയ മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്താൻ ബിസിസിഐ കിണഞ്ഞുശ്രമിച്ചെങ്കിലും അനുദിനം ഉയരുന്ന കൊവിഡ് കേസുകൾ തിരിച്ചടിയായി. പിന്നീട് യുഎഇ, ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകൾ ഐപിഎലിന് ആതിഥ്യം വഹിക്കാൻ തയ്യാറെന്ന് അറിയിച്ചു. ഇതിനു പിന്നാലെ ഐപിഎൽ യുഎഇയിൽ നടക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. തീരുമാനത്തിന് കേന്ദ്രത്തിൻ്റെ പച്ചക്കൊടി.
ഇതിനിടെ, ഐപിഎൽ മുഖ്യ സ്പോൺസർമാരുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നു. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെ വിവോ ഐപിഎലുമായുള്ള കരാർ റദ്ദാക്കി. തുടർന്ന് ഫാൻ്റസി ഗെയിമിങ് സ്റ്റാർട്ടപ്പ് ആയ ഡ്രീം ഇലവൻ മുഖ്യ സ്പോൺസറായി.
Read Also : ഇംഗ്ലണ്ട്-ഓസ്ട്രേലിയ താരങ്ങൾക്ക് ക്വാറന്റീൻ 36 മണിക്കൂർ മാത്രം; ആദ്യ മത്സരങ്ങൾ നഷ്ടമാവില്ല
ടീമുകൾ യുഎഇയിലെത്തിയതിനു പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സിലെ ദീപക് ചഹാർ, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നീ താരങ്ങൾക്ക് കൊവിഡ് ബാധിച്ചത് ആശങ്കയുണ്ടാക്കി. ഇതേ തുടർന്ന് സിഎസ്കെയുടെ ക്വാറൻ്റീൻ കാലാവധി നീട്ടി. ഇതിനു പിന്നാലെ സുരേഷ് റെയ്നയും ഹർഭജൻ സിംഗും ഐപിഎലിൽ നിന്ന് പിന്മാറി. ചഹാർ കൊവിഡ് മുക്തനായി പരിശീലനം ആരംഭിച്ചെങ്കിലും ഗെയ്ക്‌വാദിൻ്റെ പരിശോധനാഫലം ഇപ്പോഴും നെഗറ്റീവാണ്.
പ്രതിസന്ധികളൊക്കെ മറികടന്ന് ഐപിഎൽ പടിവാതിലെത്തിയിരിക്കുന്നു. ടീമുകളൊക്കെ തയ്യാറാണ്. 24 മത്സരങ്ങൾ ദുബായിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.
Story Highlights – IPL starts from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here