കെ ടി ജലീലിനെ ചോദ്യം ചെയ്ത സംഭവം; ഭരണ-പ്രതിപക്ഷ തർക്കം തുടരുന്നു

മന്ത്രി കെ ടി ജലീലിനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത വിഷയത്തിൽ ആരോപണ- പ്രത്യാരോപണങ്ങൾ കൊഴുക്കുന്നു. എതിരാളികൾക്ക് കൊല്ലാൻ കഴിഞ്ഞേക്കും എന്നാൽ തോൽപ്പിക്കാൻ ആവില്ലെന്ന് മന്ത്രി കെ ടി ജലീലും ഇപ്പോൾ നടക്കുന്നത് ഖുർആനെ അവഹേളിക്കലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. അതേസമയം രാഷ്ട്രീയ കള്ളക്കളിക്കായി വിശുദ്ധ ഗ്രന്ഥത്തെ ആയുധമാക്കുകയാണ് സിപിഐഎമ്മും ജലീലുമെന്ന് കെ സുരേന്ദ്രനും പി കെ കുഞ്ഞാലിക്കുട്ടിയും തിരിച്ചടിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചും മാധ്യമങ്ങളെ വിമർശിച്ചും മന്ത്രി പ്രതികരിച്ചത്. തെറ്റ് ചെയ്യാത്തതിനാലാണ് കൂസാതെ മുന്നോട്ട് പോകാനാവുന്നത്. തന്നെ എൻഐഎ വിളിച്ചത് സാക്ഷിക്കുള്ള നോട്ടീസ് നൽകിയാണ്. എന്നാൽ തൂക്കിലേറ്റും മുമ്പ് വിളിച്ചെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്. നോട്ടീസിന്റെ പകർപ്പ് വന്നപ്പോൾ ദുഷ്പ്രചാരകർ കളം മാറ്റിയെന്നും മന്ത്രി കുറ്റപ്പെടുത്തി.
കെ ടി ജലീലിന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ഇപ്പോൾ നടക്കുന്നത് ഖുർആനെ അവഹേളിക്കലാണെന്നും രാഷ്ട്രീയ കള്ളക്കളിക്കായി വിശുദ്ധ ഗ്രന്ഥത്തെ ആയുധമാക്കുകയാണെന്നും പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞു.
അതേസമയം താൻ സാക്ഷിയാണെന്ന ജലീലിന്റെ വാദം തള്ളി കെ സുരേന്ദ്രൻ രംഗത്തെത്തി. ഖുർആന്റെ പേരിൽ ജലീലിന് രക്തസാക്ഷി പരിവേഷം നൽകാൻ കോടിയേരി ശ്രമിക്കുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ സക്കാത്ത്, ഖുറാൻ മുതലായവ പറഞ്ഞല്ല ഒഴിയേണ്ടതെന്നും ഖുറാൻ ഉയർത്തി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും കുഞ്ഞാലിക്കുട്ടിയും തുറന്നടിച്ചു.
Story Highlights – k surendran, kt jaleel, kunjali kutti
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here