Advertisement

മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ല; ധൈര്യത്തോടെ മുന്നോട്ടുപോകുന്നത് ഒളിച്ചുവയ്ക്കാൻ ഒന്നുമില്ലാത്തതിനാൽ: കെ ടി ജലീൽ

September 18, 2020
Google News 2 minutes Read
kt jaleel

വികാരഭരിതമായ കുറിപ്പുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. കഴിഞ്ഞ ദിവസം മന്ത്രിയെ എൻഐഎ ചോദ്യം ചെയ്തിരുന്നു. മാധ്യമങ്ങൾക്കും കുറിപ്പിൽ വിമർശനമുണ്ട്. ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്നും ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നതെന്നും കെ ടി ജലീൽ.

Read Also : കെ ടി ജലീൽ മാറി നിൽക്കേണ്ട കാര്യമില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

കുറിപ്പ്:
ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നത്. എന്നെ അപായപ്പെടുത്താൻ കലാപകാരികൾക്ക് എന്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തൽസമയം വിവരം നൽകുന്ന മീഡിയാ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ.

എൻ.ഐ.എ, സിആർപിസി 160 പ്രകാരം ‘നോട്ടീസി ടു വിറ്റ്‌നസ്’ ആയി വിസ്തരിക്കാൻ വിളിച്ചതിനെ തൂക്കിലേറ്റാൻ വിധിക്കുന്നതിന് മുമ്പ് ‘നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ’ എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്. എൻഐഎയുടെ നോട്ടീസിന്റെ പകർപ്പ് രാത്രി എട്ട് മണിയോടെ പുറത്തുവന്നപ്പോൾ ദുഷ്പ്രചാരകർ കളം മാറ്റിച്ചവിട്ടി. ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാൻ കഴിയുന്നത് ഒളിച്ചുവയ്ക്കാൻ ഒന്നുമില്ലാത്തത് കൊണ്ടുതന്നെയാണ്. ഈ ഭൂമുഖത്ത് അകെ പത്തൊൻപതര സെന്റ് സ്ഥലവും ഒരു വീടും (5 ലക്ഷം ലോണെടുത്തതിന്റെ പേരിൽ അതും ഇപ്പോൾ പണയത്തിലാണ്), എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവ് കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെപ്പേടിക്കാൻ? ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ? എന്റെ എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല. സംഘ്പരിവാറിന്റെ മുഖപത്രമായ ‘ജന്മഭുമി’യിൽ ഇന്ന് വന്ന ലേഖനമാണ് ഇമേജായി കൊടുത്തിരിക്കുന്നത്. കാര്യങ്ങളെ എവിടെക്കൊണ്ടുപോയി കെട്ടാനാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നത് എന്നതിന് ഇതിൽപരം തെളിവ് വേറെ വേണോ?

Story Highlights kt jaleel, nia questioning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here