കർണാടകയിൽ മന്ത്രിസഭാ വികസന നീക്കം; ബിജെപിയിൽ അമർഷം പുകയുന്നു

കർണാടകയിൽ മന്ത്രിസഭാ വികസനത്തിന് നീക്കം തുടങ്ങിയതോടെ ബിജെപിയിൽ അമർഷം പുകയുന്നു. മന്ത്രി പദവി ലഭിച്ചില്ലെങ്കിൽ സർക്കാരിനെതിരേ നീങ്ങുമെന്ന് ഒരു വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകി. കൂടാതെ മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരേയും നീക്കം നടക്കുന്നു. ജഗദീഷ് ഷെട്ടാറിനെ നേതൃത്വത്തിലേക്ക് കൊണ്ട് വരാനുള്ള നീക്കമാണ് സജീവമായി നടക്കുന്നത്.
എച്ച്ഡി കുമാരസ്വാമി സർക്കാരിനെ താഴെയിറക്കി രണ്ടു വർഷം തികയുമ്പോഴാണ് യെദ്യൂരപ്പ സർക്കാരിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന രാഷ്ട്രീയ നീക്കം കർണാടകയിൽ നടക്കുന്നത്. മന്ത്രിസഭാ വികസനം സർക്കാരിനു മുന്നിൽ വെല്ലുവിളിയാണ്. നേതൃത്വത്തിൽ മാറ്റണമെന്നാവശ്യവുമായി ഒരു വിഭാഗവും രംഗത്തുണ്ട്. ഭരണത്തിലുള്ള മകന്റെ ഇടപെടലാണ് യെദ്യൂരപ്പയ്‌ക്കെതരെയുള്ള നീക്കത്തിന് പിന്നിൽ. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം.
അതേസമയം, യെദ്യൂരപ്പയെ മാറ്റി നിർത്തിയാൽ പാർട്ടി തിരിച്ചടി നേരിടുമെന്ന് ആശങ്കയും ബിജെപി കേന്ദ്ര നേതൃത്വത്തിനുണ്ട്. കോൺഗ്രസ് ജെഡിഎസ് സഖ്യം വിട്ട് ബിജെപിയോടൊപ്പം ചേർന്ന എംടിബി നാഗരാജ്. എഎച്ച് വിശ്വനാഥ്, ആർ ശങ്കർ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് സർക്കാർ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. മന്ത്രിസഭാ പുനസംഘടന വിഷയം ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്തതിന് ശേഷം യെദ്യൂരപ്പ കർണാടകയിലേക്ക് മടങ്ങി.
Story Highlights – Cabinet reshuffle in Karnataka; Anger is smoking in the BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here