എങ്ങനെയാണ് സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നത് ? [24 Explainer]
കഴിഞ്ഞ ദിവസമാണ് നിയമവിദ്യാർത്ഥിനിയായ നന്ദിനി പ്രവീൺ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യുന്നത്. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കുകയും, വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ രജിസ്റ്റർ ആർക്ക് വേണമെങ്കിലും പരിശോധിക്കാം. ഇതിനെതിരെയായിരുന്നു നന്ദിനിയുടെ ഹർജി.
വിവാഹം സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നവരെ കുഴപ്പിക്കുന്നതാണ് ഈ വാദ-പ്രതിവാദങ്ങൾ. നോക്കാം എങ്ങനെയാണ് സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യേണ്ടതെന്ന് ?
ആർക്കെല്ലാം സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാം ?
*മാതാചാര പ്രകാരം വിവാഹിതരാകാൻ സാധിക്കാത്ത വ്യക്തികൾ. രണ്ട് മതത്തിൽപ്പെട്ട വ്യക്തികൾ തമ്മിൽ വിവാഹം കഴിക്കുന്നതിനും സ്‌പെഷ്യൽ മാരേജ് ആക്ട് ഉപയോഗിക്കാം.
*മാതാചാര പ്രകാരം വിവാഹിതരാകാൻ താത്പര്യമില്ലാത്ത ഒരേ മതത്തിൽപ്പെട്ടവർക്കും ഈ നിയമം വഴി വിവാഹം രജിസ്റ്റർ ചെയ്യാം.
*മതാചാരപ്രകാരം വിവാഹിതരായവർക്കും സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാം.
യോഗ്യത എന്ത് ?
- വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന രണ്ട് പേർക്കും മറ്റൊരു ഭാര്യയോ ഭർത്താവോ ഉണ്ടാകരുത്.
- വിവാഹം കഴിക്കുന്നതിന് സമ്മതം നൽകാൻ തടസം ഉണ്ടാകുന്ന വിധം മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാകരുത്.
- പുരുഷന് 21 വയസും, സ്ത്രീയ്ക്ക് 18 വയസും തികഞ്ഞിരിക്കണം.
- ഇരുവരും തമ്മിൽ നിരേധിത ബന്ധം ഉണ്ടാകരുത്.
- കയിൽ കരുതേണ്ട രേഖകൾ എന്തെല്ലാം?
- വയസ് തെളിയിക്കുന്ന രേഖ
- മേൽവിലാസം തെളിയിക്കുന്ന രേഖ
- മാരിറ്റൽ സ്റ്റേറ്റസ് തെളിയിക്കുന്ന അഫഡവിറ്റ്
- പാസ്‌പോർട്ട് സൈസ് ഫോട്ടോ
രജിസ്റ്റർ ചെയ്യേണ്ട പ്രക്രിയ ?
- ആദ്യം മാരേജ് ഓഫിസറുടെ അടുത്ത് പോയി വിവാഹിതരാകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ നോട്ടിസ് നൽകണം. രണ്ട് പേരിൽ ഏതെങ്കിലുമൊരു വ്യക്തി കുറഞ്ഞത് 30 ദിവസമായി സ്ഥിരതാമസമാക്കിയ സ്ഥലത്തെ രജിസ്റ്റർ ഓഫിസിൽ പോയി വേണം നോട്ടിസ് നൽകാൻ.
- നോട്ടിസ് നൽകി മൂന്ന് മാസത്തിനുള്ളിൽ വിവാഹിതരാകണം.
- നോട്ടിസ് ലഭിച്ച മാരേജ് ഓഫിസർ ഈ നോട്ടിസ് ഓഫിസിൽ പ്രദർശിപ്പിക്കും.
ഇതിന്റെ ഒരു കോപ്പി മാരേജ് നോട്ടിസ് ബുക്കിലും സൂക്ഷിക്കും. ഇത് ആർക്ക് വേണമെങ്കിലും വന്ന് പരിശോധിക്കാം. വിവാഹിതരാകുന്ന വ്യക്തികളുടെ വയസ്, സമ്മതം, നിരോധിത ബന്ധം തുടങ്ങി നിയമാനുസൃതമല്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ ഏതൊരു വ്യക്തിക്കും വിവാഹത്തിന് എതിർപ്പ് അറിയിക്കാം. മാരേജ് ഓഫിസർ പിന്നീട് ഇത് പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
സുപ്രിംകോടതിയിലെ ഹർജി എന്ത് ?
വിവാഹിതരാകുന്ന വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21 ന്റെ ലംഘനമാകും.
എന്നാൽ കുട്ടികൾ ഒളിച്ചോടി വിവാഹം കഴിക്കുമ്പോൾ കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ മാതാപിതാക്കൾക്ക് അറിയേണ്ടെ എന്ന് സുപ്രിംകോടതി ചോദിക്കുന്നു. ഒരു ഭർത്താവോ ഭാര്യയോ ആണ് ഇത്തരത്തിൽ മറ്റൊരു വ്യക്തിയോടൊപ്പം വിവാഹിതരാകുന്നതെങ്കിലോ, എങ്ങനെയാണ് മറ്റൊരു വ്യക്തി ഇതറിയുന്നതെന്നും സുപ്രിംകോടതി ചോദിച്ചു.
Story Highlights – hot to register marriage special marriage act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here