മന്ത്രി ജലീലിന്റെ രാജിയിൽ ഉറച്ച് പ്രതിപക്ഷം; വിവിധയിടങ്ങളിൽ പ്രതിഷേധം

മന്ത്രി കെ ടി ജലീലിന്റെ രാജിയിൽ ഉറച്ച് പ്രതിപക്ഷ പ്രതിഷേധം. തുടർച്ചയായ ഒൻപതാം ദിവസമാണ് പ്രതിഷേധം അരങ്ങേറുന്നത്. കോഴിക്കോട്, കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ സംഘർഷമുണ്ടായി.
കോഴിക്കോട്ട് കളക്ടറേറ്റിന് മുന്നിൽ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധം ഉദ്ഘാടനം ചെയ്തതോടെ പ്രവർത്തകർ ബാരിക്കേഡുകൾ മറികടന്ന് അകത്തേക്ക് കയറാൻ ശ്രമിച്ചതോടെയാണ് രംഗം വഷളായത്. പൊലീസിന് നേരെ കല്ലേറും ഉണ്ടായി. തുടർന്നാണ് പൊലീസ് പ്രവർത്തകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചത്. പ്രവർത്തകർ പിന്മാറാൻ തയ്യാറാകാതെ വന്നതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷങ്ങൾക്കൊടുവിൽ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
പത്തനംതിട്ടയിൽ പ്രതിഷേധ മാർച്ചിനിടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കളക്ടറേറ്റിന്റെ മുൻവശത്തെ ഗേറ്റ് പൊലീസ് ബാരിക്കേഡുകൾ കൊണ്ട് അടച്ചിരുന്നു. പിൻ വശത്തെ ഗേറ്റിലൂടെ പ്രവർത്തകർ അകത്ത് കടക്കാൻ ശ്രമിച്ചത് പൊലീസുകാരെ പ്രകോപിപ്പിച്ചു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന് പരുക്കേറ്റു.
Story Highlights – K T Jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here