കേരളത്തിൽ പരക്കെ കനത്ത മഴ

heavy rain

കേരളത്തിൽ പരക്കെ കനത്ത മഴ തുടരുന്നു. കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് അടക്കമാണ് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ മഴ കനത്തു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പൂർണമായും നിരോധിച്ചിരിക്കുകയാണ്. റെഡ് അലേർട്ട് മുന്നറിയിപ്പുള്ള കാസർഗോഡ് ഇപ്പോഴും മഴ തുടരുകയാണ്. എന്നാൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയ്ക്ക് കുറവ് വന്നിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യമുണ്ടായാൽ പുഴയുടെ തീരങ്ങളിലുള്ള കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.

ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ശക്തമായ കാറ്റും മഴയുമാണ്. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നു. കല്ലാർകുട്ടി, പാബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. മലയോര മേഖലയിൽ ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകി.

കോഴിക്കോട് ജില്ലയിലും കനത്ത മഴ തുടരുന്നു. ഇന്നലെ രാവിലെ മുതൽ പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളം കയറി. തൊട്ടില്‍പ്പാലത്ത് പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. ജില്ലയിലെ മലയോരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

Read Also : ‘ന്യോൾ’ ചുഴലിക്കാറ്റ്: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

കോട്ടയത്ത് രാത്രി ശക്തമായ മഴ പെയ്തു. തിരുവാതുക്കലിൽ മരം വീണ് വൈദ്യുത ലൈൻ പൊട്ടി വീണു. ചാന്നാനിക്കാട് വീടിന് മുകളിലൂടെ മരം വീണിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലയിൽ മഴ തുടരുന്നു.

അതേസമയം കിഴക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രത നിർദേശം നൽകി. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

Story Highlights heavy rain, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top