Advertisement

അരങ്ങേറ്റത്തിൽ ഫിഫ്റ്റി നേടി ദേവദത്ത്; സൺറൈസേഴ്സിന് 164 റൺസ് വിജയലക്ഷ്യം

September 21, 2020
Google News 2 minutes Read
rcb srh first innings

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ മൂന്നാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 164 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ആർസിബി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് നേടിയത്. 56 റൺസെടുത്ത യുവ ഓപ്പണർ ദേവദത്ത് പടിക്കലാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. എബി ഡിവില്ല്യേഴ്സ് 51 റൺസെടുത്തു.

Read Also : ഐപിഎൽ മാച്ച് 3: ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ബാറ്റ് ചെയ്യും

ഗംഭീര തുടക്കമാണ് ബാംഗ്ലൂരിന് ഫിഞ്ചും ദേവദത്തും ചേർന്ന് നൽകിയത്. ഫിഞ്ച് പലപ്പോഴും കാഴ്ചക്കാരനായി നിന്നപ്പോൾ ആദ്യ ഐപിഎൽ കളിക്കുന്ന ആശങ്കകളില്ലാതെ യുവതാരം കത്തിക്കയറി. യുവരാജ് സിംഗിൻ്റെ ലൈറ്റ് വേർഷൻ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ മികച്ച ഷോട്ടുകളുമായി ദേവദത്ത് കളം നിറഞ്ഞു. ഫിഞ്ച് പലപ്പോഴും ടൈമിംഗ് കിട്ടാതെ ബുദ്ധിമുട്ടിയപ്പോഴാണ് കർണാടക താരത്തിൻ്റെ ഗംഭീര പ്രകടനം. 36 പന്തുകളിൽ ദേവദത്ത് ഫിഫ്റ്റി തികച്ചു. തൊട്ടടുത്ത ഓവറിൽ വിജയ് ശങ്കറിൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി യുവതാരം പുറത്ത്. 8 ബൗണ്ടറികൾ അടക്കം 42 പന്തുകളിൽ 56 റൺസ് നേടിയ താരം ഓപ്പണിംഗ് വിക്കറ്റിൽ ഫിഞ്ചിനൊപ്പം 90 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയാണ് മടങ്ങിയത്.

Read Also : ഐപിഎൽ മാച്ച് 3: ഇന്ന് കോലിയും വാർണറും നേർക്കുനേർ; വില്ല്യംസണും പാർത്ഥിവും പുറത്തിരുന്നേക്കും

അടുത്ത ഓവറിൽ ഫിഞ്ചും പുറത്തായി. അഭിഷേക് ശർമ്മയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി മടങ്ങുമ്പോൾ 29 റൺസായിരുന്നു ഫിഞ്ചിൻ്റെ സമ്പാദ്യം. പിന്നീട് കോലി-ഡിവില്ല്യേഴ്സ് സഖ്യത്തെ പിടിച്ചു നിർത്തുന്നതിൽ ഹൈദരാബാദ് ബൗളർമാർ വിജയിച്ചു. നടരാജനെ ഗ്യാലറിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ റാഷിദ് ഖാനു പിടി നൽകി കോലി (14) മടങ്ങി. പിന്നാലെ ശിവം ദുബെ എത്തി. ദുബെയെ ഒരറ്റത്തു നിർത്തി ഡിവില്ല്യേഴ്സ് പായിച്ച ചില കൂറ്റൻ ഷോട്ടുകളാണ് റോയൽ ചലഞ്ചേഴ്സിനെ മാന്യമായ സ്കോറിലെത്തിച്ചത്. 29 പന്തുകളിൽ ഡിവില്ല്യേഴ്സ് ഫിഫ്റ്റി തികച്ചു. തൊട്ടുപിന്നാലെ രണ്ടാം റണ്ണിനോടിയ താരം റണ്ണൗട്ടായി. 30 പന്തുകളിൽ 4 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 51 റൺസെടുത്തിട്ടാണ് താരം മടങ്ങിയത്. അവസാന പന്തിൽ ദുബേയും റണ്ണൗട്ടായി.

Story Highlights Sunrisers Hyderabad Royal Challengers Bangalore first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here