എത്തിപ്പിടിക്കാനാവാതെ ചെന്നൈ; രാജസ്ഥാന് വിജയത്തുടക്കം

csk won rr ipl

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ രാജസ്ഥാൻ റോയൽസിന് ജയത്തോടെ തുടക്കം. കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് രാജസ്ഥാൻ കീഴടക്കിയത്. 16 റൺസിനാണ് രാജസ്ഥാൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ സാധിച്ചുള്ളൂ. 72 റൺസെടുത്ത ഫാഫ് ഡുപ്ലെസിസ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ.

Read Also : ഷാർജയിൽ സഞ്ജുവിന്റെ സിക്സർ മഴ; ചെന്നൈക്ക് 217 റൺസ് വിജയലക്ഷ്യം

പതിഞ്ഞ താളത്തിലാണ് ചെന്നൈ തുടങ്ങിയത്. ടോം കറൻ എറിഞ്ഞ പവർ പ്ലേയുടെ അവസാന ഓവറിലാണ് ധോണിയുടെ സംഘം മൊമൻ്റം കണ്ടെടുത്തത്. ആ ഓവറിൽ 17 റൺസാണ് ചെന്നൈ നേടിയത്. വാട്സൺ ആയിരുന്നു അപകടകാരി. മുരളി വിജയ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്. ആറാം ഓവറിൽ രണ്ട് സിക്സറും ഒരു ബൗണ്ടറിയും അടിച്ച് പ്രതീക്ഷയേകിയ വാട്സൺ രാഹുൽ തെവാട്ടിയ എറിഞ്ഞ അടുത്ത ഓവറിൽ പ്ലെയ്ഡ് ഓൺ ആയി. 21 പന്തുകളിൽ ഒരു ബൗണ്ടറിയും നാല് സിക്സറും സഹിതം 33 റൺസായിരുന്നു വാട്സണിൻ്റെ സമ്പാദ്യം.

ഏറെ വൈകാതെ മുരളി വിജയ് മടങ്ങി. 21 റൺസെടുത്ത വിജയ് ശ്രേയാസ് ഗോപാലിൻ്റെ പന്തിൽ ടോം കറൻ്റെ കൈകളിൽ അവസാനിച്ചു. നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തി കടത്തിയാണ് സാം കറൻ ഇന്നിംഗ്സ് ആരംഭിച്ചത്. തെവാട്ടിയയെ തുടർച്ചയായി രണ്ട് സിക്സറുകൾ അടിച്ച സാം ഷോട്ട് ആവർത്തിക്കാനുള്ള ശ്രമത്തിനിടെ പുറത്തായി. സാമിനെ സഞ്ജു സ്റ്റമ്പ് ചെയ്യുകയായിരുന്നു. 6 പന്തുകളിൽ 17 റൺസെടുത്ത് സാം മടങ്ങിയതിനു പിന്നാലെ ക്രീസിലെത്തിയ ഋതുരാജ് ഗെയ്ക്‌വാദും സമാനരീതിയിൽ പുറത്തായി. നേരിട്ട ആദ്യ പന്തിൽ തന്നെയാണ് യുവതാരം പുറത്തായത്.

Read Also : സഞ്ജുവിനെ പുകഴ്ത്തി സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ

കേദാർ ജാദവിനും നിലയുറപ്പിക്കാനായില്ല. 22 റൺസെടുത്ത ജാദവിനെ ടോം കറൻ്റെ പന്തിൽ സഞ്ജു കൈപ്പിടിയിലൊതുക്കി. അതിനു ശേഷമാണ് ധോണി ക്രീലെത്തിയത്. 4 ഓവറിൽ 80 റൺ വേണ്ടിയിരുന്ന സമയത്ത് ഉനദ്കട്ടിൻ്റെ 17ആം ഓവറിൽ ഡുപ്ലെസിസിൻ്റെ മൂന്ന് സിക്സറുകൾ സഹിതം 21 റൺസെടുത്ത ചെന്നൈ വിജയ പ്രതീക്ഷ നിലനിർത്തി. എന്നാൽ ടോം കറൻ തൻ്റെ അടുത്ത ഓവറിൽ 10 റൺസ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. അവസാന രണ്ട് ഓവറിൽ ജയിക്കാൻ 48 റൺസ്. 19ആം ഓവർ എറിഞ്ഞ ആർച്ചർ 10 റൺസ് വിട്ടുകൊടുത്ത് ഡുപ്ലെസിസിനെ പുറത്താക്കി. 37 പന്തുകളിൽ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 72 റൺസെടുത്ത ഡുപ്ലെസിസിനെ സഞ്ജു പിടികൂടുകയായിരുന്നു.

38 റൺസ് വേണ്ടിയിരുന്ന അവസാന ഓവർ ടോം കറനാണ് എറിഞ്ഞത്. ധോണിയുടെ 3 സിക്സറുകൾ സഹിതം ഓവറിൽ 21 റൺസെടുത്തെങ്കിലും ചെന്നൈക്ക് ലക്ഷ്യം ഭേദിക്കാനായില്ല. ധോണി 17 പന്തുകളിൽ 29 റൺസെടുത്ത് പുറത്താവാതെ നിന്നു.

Story Highlights Rajasthan Royals won against Chennai SUper Kings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top