ലൈഫ് മിഷൻ; വിജിലൻസ് അന്വേഷണം കൊണ്ട് യഥാർത്ഥ വസ്തുതകൾ പുറത്തുവരില്ലെന്ന് ചെന്നിത്തല

ലൈഫ് മിഷൻ വിവാദത്തില്‍ അന്വേഷണത്തിന് സിബിഐ തന്നെ വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണം കൊണ്ട് യഥാർത്ഥ വസ്തുതകൾ പുറത്തു വരില്ല. പദ്ധതിയിൽ വൻ കൊള്ളയെന്ന് പകൽ പോലെ വ്യക്തമായതായും രമേശ് ചെന്നിത്തല പറഞ്ഞു.
ദിവസങ്ങളായി താൻ ആവശ്യപ്പെട്ട എംഒയുവിന്റെ കോപ്പി ഇന്നലെ രാത്രിയാണ് നൽകിയത്. രാജി വയ്ക്കും വരെ എന്തുകൊണ്ട് എംഒയു തന്നില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യം. താനൊഴിച്ച് നാട്ടിലുള്ളവർക്ക് എല്ലാം പ്രത്യേക മാനസികാവസ്ഥയാണെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ മാനസികാവസ്ഥയാണ് പരിശോധിക്കേണ്ടത് എന്നും ചെന്നിത്തല പറഞ്ഞു. സ്പ്രിംഗ്‌ളർ വിഷയത്തിൽ സർക്കാരിനോട് പ്രതിപക്ഷനേതാവ് നാല് ചോദ്യങ്ങളുയർത്തി. കാനം രാജേന്ദ്രന് ഇടതു വ്യതിയാനം കാണാൻ പ്രത്യേക കണ്ണാടിയുടെ ആവശ്യമെന്നും പ്രതിപക്ഷ നേതാവിന്റെ പരിഹാസം.
കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തല ലൈഫ് മിഷനിലെ സ്ഥാനം ഒഴിഞ്ഞത്. ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്സ് പ്രത്യേക ക്ഷണിതാവ് സ്ഥാനത്ത് നിന്നാണ് ചെന്നിത്തല രാജി വച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് ഒന്നര മാസം പിന്നിട്ടിട്ടും സർക്കാർ നൽകിയില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
Story Highlights – ramesh chennithala, life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here