Advertisement

തമിഴിൽ ശശികലയ്ക്ക് ഇനിയും ഊഴമുണ്ടോ?

September 24, 2020
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

/രതി വി.കെ

തമിഴ് രാഷ്ട്രീയത്തിലേക്ക് ശശികല

അസാധാരണമാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയം. വിചാരങ്ങൾക്കും മുകളിൽ വികാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന അണികളാണ് ഏതാണ്ട് എല്ലാ തമിഴ് രാഷ്ട്രീയ കക്ഷികൾക്കും. ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ കാമരാജ് മുതൽ ദ്രാവിഡ രാഷ്ട്രീയത്തിലെ അണ്ണാദുരയും, എംജിആറും, കരുണാനിധിയും, ജയലളിതയുമൊക്കെ തമിഴ്മക്കൾക്ക് അമിതവികാരം കൊള്ളാനുള്ള ബിംബങ്ങളാണ്. വേറിട്ടൊരു രൂപത്തിലാണെങ്കിലും ഇവിആർ എന്ന പെരിയാറും ഒരു വിഭാഗത്തിനിപ്പോഴും വികാരം തന്നെ. പക്ഷെ ഈ ആരാധനാമൂർത്തികളൊന്നും ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പ് വരുന്നു തമിഴ്‌നാട്ടിൽ. പ്രത്യേകിച്ചും ജയലളിതയും കരുണാനിധിയും അവശേഷിപ്പിച്ച രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ ഭൂമികയിൽ പ്രവചിച്ചു തീരാൻ ഇനിയും കഴിയാത്ത തെരഞ്ഞെടുപ്പ്. ഇതിനിടയിലേക്കാണ് ശശികലയുടെ എൻട്രി.

ആ ശപഥം

തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ അധികാര കേന്ദ്രങ്ങളിൽ ചുവടുറപ്പിക്കാമെന്ന ശശികലയുടെ സ്വപ്നങ്ങൾക്ക് 2017ലാണ് സുപ്രിംകോടതി കടിഞ്ഞാണിട്ടത്. ഏറെ കോളിളക്കം സൃഷ്ടിച്ച അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിതയ്‌ക്കൊപ്പം ശശികലയും ശിക്ഷിക്കപ്പെട്ടു. ജയലളിതയുടെ മരണത്തിന് പിന്നാലെ അണ്ണാ ഡിഎംകെയിൽ ഉയർന്നുവന്ന അസ്വാരസ്യങ്ങൾക്കൊടുവിൽ പാർട്ടി ജനറൽ സെക്രട്ടറിയും തുടർന്ന് മുഖ്യമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ട് ഉടനെയായിരുന്നു നാല് വർഷം തടവും പത്ത് കോടി പിഴയും ശിക്ഷയായി നൽകിക്കൊണ്ടുള്ള കോടതി വിധി. 2017 ഫെബ്രുവരിയിൽ കോടതിയിൽ കീഴടങ്ങാൻ ബംഗളൂരുവിലേക്ക് പോകും മുൻപ് ചെന്നൈ മറീനാ ബീച്ചിൽ ജയലളിതയുടെ ശവകുടീരത്തിൽ ശശികല എത്തിയതും കുഴിമാടത്തിൽ പ്രതീകാത്മകമായി മൂന്ന് തവണ അടിച്ചതും ചർച്ചയായിരുന്നു. തമിഴ്‌നാടിന്റെ തലപ്പത്തേക്ക് ഒരിക്കൽ മടങ്ങിവരുമെന്ന ശപഥമായാണ് ശശികലയുടെ ശരീര ഭാഷയെ അന്ന് വിലയിരുത്തിയത്.

ഇപിഎസ്-ഒപിഎസ് കൂട്ട് കെട്ട്

ജയിലിലേക്ക് പോകുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ശശികലയ്ക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച പളനിസ്വാമി അധികാരത്തിലെത്തിയതോടെ അവരെ തള്ളി പറഞ്ഞു. പിന്നീട് കണ്ടത് ശശികലയുടെ മരുമകൻ ടിടിവി ദിനകരന്റെ രാഷ്ട്രീയ പ്രവേശനവും രണ്ടില ചിഹ്നത്തിനുള്ള വടംവലിയുമാണ്. മരണം വരെ ജയലളിത കൈയാളിയിരുന്ന ആർ കെ നഗറിൽ സ്വതന്ത്രനായി മത്സരിച്ച്, പിന്നീട് പാർട്ടി രൂപീകരിച്ച ദിനകരൻ പക്ഷേ മനസിൽ കണ്ടത് ശശികലയുടെ തിരിച്ചുവരവു തന്നെയാണ്. പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇപ്പോഴും ശശികലയാണ് എന്നത് അതിന് തെളിവാണ്. മൂന്ന് പതിറ്റാണ്ടോളം ജയലളിതയുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ശശികല തിരിച്ചെത്തുമ്പോൾ എങ്ങനെയും പൂട്ടാമെന്നതിന്റെ നീക്കങ്ങൾ ‘ഇപിഎസ്ഒപിഎസ് കൂട്ട് കെട്ട് തുടങ്ങി. ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ കണ്ട് കെട്ടാനുള്ള നടപടിയും ജയലളിതയുടെ വസതി സർക്കാർ ഏറ്റെടുക്കാനുള്ള നീക്കങ്ങളും ശശികലയ്ക്കുള്ള ആപ്പായാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയുമായി കൈകോർത്തിട്ടുള്ള അണ്ണാ ഡിഎംകെ, കേന്ദ്രത്തിൽ പാർട്ടിക്കുള്ള സ്വാധീനം ഉപയോഗിച്ചാണ് ശശികലയ്‌ക്കെതിരെ ആദായനികുതി വകുപ്പിനെ ഇറക്കിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ശശികലയുടെ വരവിനെ മറ്റൊരു പ്രധാന ശത്രുപക്ഷമായ ഡിഎംകെയും ഉറ്റുനോക്കുന്നുണ്ട്. പാർട്ടി രൂപീകരിച്ച് രണ്ടര വർഷത്തിന് ശേഷവും കാര്യമായ ചലനം സൃഷ്ടിക്കാനാകാത്ത കമൽ ഹാസനും, രാഷ്ട്രീയത്തിലേക്ക് ഉറ്റുനോക്കുന്ന മറ്റ് നടന്മാർക്കും ശശികല തലവേദനയാകും.

ശശികലയും ദിനകരവും ചേർന്നാൽ

Read Also :വി കെ ശശികല അടുത്ത വർഷം ജനുവരിയിൽ ജയിൽ മോചിതയാകും

ആർകെ നഗറിലെ വിജയത്തിന് ശേഷം അണ്ണാ ഡിഎംകെ നീക്കങ്ങളെ തകർക്കാൻ കഴിയുന്ന ശക്തിയായായിരുന്നു ദിനകരനെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചരുന്നത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിരവധി ഉപതരെഞ്ഞെടുപ്പുകളിലും ദിനകരന്റെ ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ ദയനീയമായി പരാജയപ്പെട്ടു. അനധികൃത സ്വത്തു സമ്പാദന കേസിൽ 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം, ജയലളിത താരപരിവേഷത്തിൽ തിരിച്ചെത്തിയ മുഖ്യമന്ത്രി പദത്തിലേക്ക് ശശികലയ്ക്ക് അതേ രീതിയിൽ എത്താനാകുമെന്നാണ് അമ്മ മക്കൾ മുന്നേറ്റ കഴകം വിശ്വസിക്കുന്നത്. ശശികലയുടെ മോചനം ഭരണകക്ഷിയിൽ പിളർപ്പുണ്ടാക്കുമെന്നും പലരും പാർട്ടി വിട്ട് അമ്മ മക്കൾ മുന്നേറ്റ കഴകത്തിൽ എത്തുമെന്നുമാണ് ദിനകരൻ പക്ഷം പ്രതീക്ഷിക്കുന്നത്.

ജനപ്രാധിനിത്യ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ട നേതാവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്. പക്ഷേ രാഷ്ട്രീയത്തിൽ കളമൊരുക്കാം. കിംഗ് മേക്കറുകൾക്ക് കിങ്ങിനെക്കാൾ പ്രാധാന്യമുണ്ട് രാഷ്ട്രീയത്തിൽ. സാക്ഷാൽ പുരട്ചി തലൈവിയുടെ രാഷ്ട്രീയം അടുത്തുനിന്ന് കണ്ട ശശികലയുടെ വരവ് അത്ര വെറുതെയാവില്ല എന്ന് തന്നെയാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

Story Highlights V K Sasikala, Jayalalitha, Tamil Nadu

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement