ഐപിഎൽ മാച്ച് 7: വയസൻ പട യുവാക്കൾക്കെതിരെ; ധോണിയുടെ ബാറ്റിംഗ് പൊസിഷൻ ചർച്ചാവിഷയം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ഏഴാം മത്സരത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ഡെൽഹി ക്യാപിറ്റൽസിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോട് ഏറ്റ പരാജയം ചെന്നൈക്ക് സമ്മർദ്ദം ഉണ്ടാക്കും. ഡൽഹിക്കെതിരെ വിജയവഴിയിൽ തിരിച്ചെത്താനാവും ചെന്നൈയുടെ ശ്രമം. അതേസമയം, ആദ്യ മത്സരത്തിൽ കളിയുടെ ഭൂരിഭാഗം മേഖലകളിലും പിന്നാക്കം പോയിട്ടും കരുത്തരായ കിംഗ്സ് ഇലവനെതിരെ വിജയിക്കാൻ കഴിഞ്ഞത് ഡൽഹിക്ക് കരുത്താവും.
Read Also : എത്തിപ്പിടിക്കാനാവാതെ ചെന്നൈ; രാജസ്ഥാന് വിജയത്തുടക്കം
സീസണിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനും ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനും തമ്മിലാണ് ഇന്നത്തെ പോരാട്ടം. ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിക്ക് 39 വയസ്സാണ് പ്രായം. അതേസമയം ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയാസ് അയ്യർ ആവട്ടെ ധോണിയെക്കാൾ 14 വയസ്സ് ചെറുപ്പമാണ്. 25 വയസ്സാണ് ശ്രേയാസ് അയ്യരിനുള്ളത്. ആകെ ടീമിൻ്റെ ശരാശരി വയസ് പരിഗണിച്ചാലും ശ്രേയാസിൻ്റെ ഡൽഹിയാണ് ചെറുപ്പം. 26.91 ആണ് ഡൽഹിയുടെ ശരാശരി പ്രായം. 30.5 ശരാശരി വയസ്സുള്ള ചെന്നൈ സീസണിൽ തന്നെ ഏറ്റവും പ്രായം കൂടിയ ടീമാണ്.
ഡെൽഹി ക്യാപിറ്റൽസ് നിരയിൽ പരുക്കേറ്റ് പുറത്തായ ആർ അശ്വിനു പകരം അമിത് മിശ്ര കളിച്ചേക്കും. ഒരു മത്സരത്തിലെ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റമുണ്ടാവാൻ ഇടയില്ലെങ്കിലും മോഹിത് ശർമ്മക്കു പകരം അവേഷ് ഖാൻ കളിക്കാനും സാധ്യതയുണ്ട്. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ മത്സരം നടന്ന അതേ സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം എന്നത് ഡൽഹിക്ക് നേട്ടമാവും.
Read Also : അഗർവാളിന്റെ ഒറ്റയാൾ പോരാട്ടം; സൂപ്പർ ഓവർ; ഒടുവിൽ ഡൽഹിക്ക് ജയം
ചെന്നൈ സൂപ്പർ കിംഗ്സിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. ധോണി തൻ്റെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തുമോ എന്നത് മാത്രമാവും ഇന്നത്തെ ചോദ്യം. രണ്ട് മത്സരങ്ങളിലും തല്ലു വാങ്ങിയ ലുങ്കിസാനി എങ്കിഡിയെ പുറത്തിരുത്തി ജോസ് ഹേസൽവുഡ് അരങ്ങേറുന്നത് മാനേജ്മെൻ്റ് പരിഗണിക്കാൻ ഇടയുണ്ട്. സ്പിൻ ഓപ്ഷൻ പരിഗണിച്ച് ഇമ്രാൻ താഹിർ, മിച്ചൽ സാൻ്റ്നർ എന്നിവരും റഡാറിൽ വന്നേക്കാം. എന്നാൽ, അധികം പരീക്ഷണങ്ങൾക്കുള്ള സാധ്യത കാണുന്നില്ല.
Story Highlights – Chennai Super Kings Delhi Capitals preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here