‘ഈ സിനിമയിലെ വില്ലൻ ഞാനാണെന്ന് തോന്നുന്നു’; സുവാരസ് ടീം വിട്ടതിൽ പ്രതികരണവുമായി കോമാൻ

ഉറുഗ്വേ സ്ട്രൈക്കർ ലൂയിസ് സുവാരസ് ക്ലബ് വിട്ടതിൽ പ്രതികരണവുമായി എഫ്സി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. സുവാരസിനെ വിൽക്കാൻ തീരുമാനമെടുത്തത് താനല്ലെന്നും താൻ വരുമ്പോഴേ അക്കാര്യത്തിൽ മാനേജ്മെൻ്റ് തീരുമാനം എടുത്തു കഴിഞ്ഞിരുന്നു എന്നും കോമാൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
Read Also : ‘നീ ഇങ്ങനെ വലിച്ചെറിയപ്പെടേണ്ടവനായിരുന്നില്ല’; സുവാരസ് ക്ലബ് വിട്ടതിൽ വൈകാരികമായ കുറിപ്പുമായി മെസി
“ഈ സിനിമയിലെ വില്ലൻ ഞാൻ ആണെന്നാണ് തോന്നുന്നത്. പക്ഷേ, ഞാൻ ഇവിടെയെത്തും മുൻപ് തന്നെ ചില തീരുമാനങ്ങൾ എടുക്കപ്പെട്ടിരുന്നു. ഞാൻ ആ തീരുമാനങ്ങൾ പിന്തുണച്ചു എന്നേയുള്ളൂ. ഒരു കളിക്കാരനെന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാൻ സുവാരസിനോട് ബഹുമാനം മാത്രമേ കാണിച്ചിരുന്നുള്ളൂ. ക്ലബിൽ തുടരുകയാണെങ്കിൽ കളിക്കുക ബുദ്ധിമുട്ടാവുമെന്നും ടീമിൽ ഉണ്ടാവുമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു.”- കോമാൻ വിശദീകരിച്ചു. സുവാരസ് ടീം വിട്ടത് മെസിയെ വിഷമിപ്പിച്ചിരുന്നെങ്കിലും ട്രെയിനിങിൽ അതൊന്നും അദ്ദേഹത്തെ ബാധിച്ചില്ലെന്നും കോമാൻ പറഞ്ഞു.
മാനേജ്മെൻ്റിനെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് മെസി സുവാരസിനു യാത്രയയപ്പ് നൽകിയത്. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെഴുതിയ കുറിപ്പിന് മുൻ ബാഴ്സ താരം നെയ്മർ എഴുതിയ മറുപടിയും ചർച്ച ആയിരുന്നു. ഇതിനു പിന്നാലെയാണ് കോമാൻ്റെ വിശദീകരണം.
Read Also : വിടവാങ്ങൽ പ്രസംഗത്തിനിടെ വിതുമ്പി ലൂയിസ് സുവാരസ്; ആരാധകരുടെ ലൂയിസിറ്റോ ബാഴ്സയിൽ നിന്ന് വിടചൊല്ലി: വിഡിയോ
സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്കാണ് സുവാരസ് കൂടുമാറിയത്. 2014ൽ ലിവർപൂളിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് ബാഴ്സലോണയിലെത്തിയ താരം മെസ്സിക്കൊപ്പം മുന്നേറ്റ നിരയിലെ ഏറ്റവും ശ്രദ്ധേയനായ താരമായിരുന്നു. 6 വർഷത്തിനിടെ ക്ലബിൻ്റെ 13 കിരീട നേട്ടങ്ങളിൽ താരം പങ്കാളിയായി. സുവാരസിൻ്റെ അരങ്ങേറ്റ സീസണിൽ മെസ്സി-സുവാരസ്-നെയ്മർ ആക്രമണ സഖ്യം 122 ഗോളുകൾ നേടി സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
Story Highlights – Koeman shifts blame to Barcelona chiefs for Suarez
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here