റെക്കോർഡുകൾ പഴങ്കഥ; മായങ്കിന് തകർപ്പൻ സെഞ്ചുറി: രാജസ്ഥാന് 224 റൺസ് വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ഒൻപതാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 224 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിലാണ് 223 റൺസ് നേടിയത്. ഉജ്ജ്വല സെഞ്ചുറിയടക്കം 106 റൺസ് നേടിയ മായങ്ക് അഗർവാളാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. 69 റൺസെടുത്ത ലോകേഷ് രാഹുലും പഞ്ചാബിനായി തിളങ്ങി. ഒരു ഘട്ടത്തിൽ 250നു മുകളിൽ പോകുമെന്ന് കരുതിയ സ്കോർ അവസാന ഘട്ടത്തിൽ നന്നായി പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ പിടിച്ചുനിർത്തുകയായിരുന്നു.
ആദ്യത്തെ രണ്ട് ഓവറുകളിലാണ് രാജസ്ഥാൻ റോയൽസ് സ്വബോധത്തോടെ ഗ്രൗണ്ടിൽ നിന്നത്. 17 റൺസ് പിറന്ന മൂന്നാം ഓവർ മുതൽ കളി നിയന്ത്രിച്ചത് കിംഗ്സ് ഇലവൻ തന്നെയായിരുന്നു. ആവനാഴിയിലെ ആയുധങ്ങളെല്ലാം മാറിമാറി പ്രയോഗിച്ചിട്ടും സ്മിത്തിന് മായങ്ക്-രാഹുൽ കൂട്ടുകെട്ട് പൊളിക്കാനായില്ല.
Read Also : ഐപിഎൽ മാച്ച് 9: കിംഗ്സ് ഇലവനു ബാറ്റിംഗ്; രാജസ്ഥാനിൽ യശസ്വി പുറത്ത്
ബാറ്റിംഗ് പറുദീസയായ പിച്ചിൽ, നീളം കുറഞ്ഞ ബൗണ്ടറികളുള്ള ഗ്രൗണ്ടിൽ പഞ്ചാബിനെ ബാറ്റിംഗിനയക്കാനുള്ള സ്മിത്തിൻ്റെ തീരുമാനം തിരിഞ്ഞു കൊത്തുന്നതാണ് ഇന്നിംഗ്സിൽ ഉടനീളം കണ്ടത്. അഗർവാളായിരുന്നു ഏറെ അപകടകാരി. ഉനദ്കട്ടും ആർച്ചറും കറനും ശ്രേയാസ് ഗോപാലുമടങ്ങുന്ന രാജസ്ഥാൻ ബൗളിംഗ് നിരയെ ക്ലബ് ക്രിക്കറ്റർമാരെപ്പോലെ ട്രീറ്റ് ചെയ്ത അഗർവാൾ അതിവേഗം സ്കോർ ചെയ്തു. അഗർവാൾ 26 പന്തുകളിൽ ഫിഫ്റ്റിയും 45 പന്തുകളിൽ സെഞ്ചുറിയും നേടി. ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ചുറികളുടെ പട്ടികയിൽ മായങ്കിൻ്റെ ഈ ഇന്നിംഗ്സ് രണ്ടാമതാണ്.
183 റൺസാണ് രാഹുലും മായങ്കും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ അടിച്ചുകൂട്ടിയത്. 50 പന്തുകളിൽ 10 ബൗണ്ടറികളും 7 സിക്സറും സഹിതം 106 റൺസെടുത്ത അഗർവാളിനെ പുറത്താക്കിയ ടോം കറൻ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അഗർവാളിനെ സഞ്ജു പിടികൂടുകയായിരുന്നു.
Read Also : ഐപിഎൽ: സൺറൈസേഴ്‌സിനെതിരെ കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം
മൂന്നാം നമ്പറിലെത്തിയ മാക്സ്‌വെലും ആക്രമണ മൂഡിലായിരുന്നു. അങ്കിത് രാജ്പൂത് എറിഞ്ഞ 18ആം ഓവറിൽ രണ്ട് ബൗണ്ടറികളുമായാണ് ഓസീസ് താരം ആരംഭിച്ചത്. എന്നാൽ ആ ഓവറിൽ തന്നെ പഞ്ചാബിന് രാഹുലിനെ നഷ്ടമായി. 54 പന്തുകളിൽ 69 റൺസെടുത്ത രാഹുലിലെ ശ്രേയാസ് ഗോപാൽ പിടികൂടി. പിന്നാലെ നിക്കോളാസ് പൂരാനെത്തി. 19ആം ഓവറിൽ ടോം കറനെതിരെ സിക്സറടിച്ച് പൂരാൻ പഞ്ചാബ് സ്കോർ 200 കടത്തി. ഓവറിലെ അവസാന പന്തിൽ പൂരാനെ ഉത്തപ്പ നിലത്തിട്ടു. ആർച്ചർ എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സർ അടക്കം 16 റൺസെടുത്ത പൂരാൻ മികച്ച നോട്ടിൽ ഇന്നിംഗ്സ് ഫിനിഷ് ചെയ്യുകയായിരുന്നു. 12 പന്തുകളിൽ അപരാജിതമായ 29 റൺസിൻ്റെ മൂന്നാം കൂട്ടുകെട്ടാണ് മാക്സ്‌വൽ-പൂരാൻ സഖ്യം സ്കോർബോർഡിലേക്ക് ചേർത്തത്. പൂരാൻ 25(8), മാക്സ്‌വൽ 13 (9) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – kings eleven punjab vs rajasthan royals first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here